Hivision Channel

വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂരല്‍മലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂരല്‍മലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തമേഖല സന്ദര്‍ശിച്ചു. കല്‍പ്പറ്റയില്‍ നിന്ന് റോഡ് മാര്‍ഗം ചൂരല്‍മലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത ഭൂമിയില്‍ ഏറെ നേരം ചെലവഴിച്ചശേഷം ഉച്ചയ്ക്ക് രണ്ടേ പത്തോടെയാണ് ചൂരല്‍ മലയില്‍ നിന്ന് മടങ്ങിയത്. വെള്ളാര്‍മല സ്‌കൂള്‍ റോഡിലായിരുന്നു ആദ്യ സന്ദര്‍ശനം. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല ജിവിഎച്ച്എസ് സ്‌കൂളും പ്രദേശത്ത് തകര്‍ന്ന വീടുകളും പ്രധാനമന്ത്രി വാഹനത്തിലിരുന്ന് ആദ്യം കണ്ടു. ഇതിനുശേഷം വെള്ളാര്‍മല സ്‌കൂളിലെത്തിയ മോദി സ്‌കൂളിലെ കുട്ടികളെക്കുറിച്ച് ചോദിച്ചറിഞ്ഞു.

വെള്ളാര്‍മല സ്‌കൂളിലേ കുട്ടികളുടെ പഠനത്തെക്കുറിച്ചും മറ്റു വിവരങ്ങളും മോദി ചീഫ് സെക്രട്ടറി ഡോ. വി വേണുവില്‍ നിന്ന് വിവരം തേടി. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ചൂരല്‍മല സ്‌കൂള്‍ റോഡിലെ വിവിധ പ്രദേശങ്ങളും പ്രധാനമന്ത്രി നടന്നു സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

സ്‌കൂള്‍ റോഡിലെ അര കിലോമീറ്ററോളം ദൂരത്തിലുള്ള സ്ഥലങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. പാറക്കൂട്ടങ്ങള്‍ നിരയായി വന്നടിഞ്ഞ സ്ഥലത്തും മോദി എത്തി. അരമണിക്കൂറോളം ചൂരല്‍മലയിലെ ദുരന്ത മേഖല സന്ദര്‍ശിച്ചശേഷം പ്രധാനമന്ത്രി ബെയ്‌ലി പാലത്തിലേക്ക് കയറി. പാലത്തിലൂടെ നടന്ന പ്രധാനമന്ത്രി രക്ഷാദൗത്യത്തില്‍ പങ്കാളികളായ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. എന്‍ഡിആര്‍എഫ്, എസ്ഒജി ഉദ്യോഗസ്ഥരുമായും സംസാരിച്ചു. പാലത്തിന്റെ മറുകരയിലുള്ള ഉദ്യോഗസ്ഥരെയും കണ്ടശേഷമാണ് പ്രധാനമന്ത്രി ചൂരല്‍ മലയില്‍ നിന്ന് മടങ്ങിയത്. ദുരന്തത്തിന്റെ വ്യാപ്തിയും നാടിന്റെ വേദനയും നേരിട്ടറിഞ്ഞാണ് പ്രധാനമന്ത്രി ചൂരല്‍മലയില്‍ നിന്ന് മേപ്പാടിയിലേക്ക് പോയത്.

സ്‌കൂള്‍ റോഡില്‍ വെച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചും ദുരന്തത്തെക്കുറിച്ചും വിശദീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറിയും ദുരന്ത സ്ഥലത്ത് വെച്ച് പ്രധാനമന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിച്ചു. ചൂരല്‍മലയില്‍ നിന്ന് മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തി ദുരന്തബാധിതരെ കാണും. മേപ്പാടിയിലെ സെന്റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരന്ത ബാധിതരുമായും കൂടിക്കാഴ്ച നടത്തും. കളക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *