സംസ്ഥാനത്തെ കെട്ടിടനിര്‍മാണ ചട്ടങ്ങളില്‍ കാലാനുസൃത മാറ്റങ്ങള്‍ക്കൊരുങ്ങി തദ്ദേശ ഭരണവകുപ്പ്. കെട്ടിട നിര്‍മാണ പെര്‍മിറ്റ് അനുവദിക്കുന്നതിലുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ക്കാണ് തദ്ദേശ ഭരണവകുപ്പ് ഒരുങ്ങുന്നത്. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് 106 ചട്ടങ്ങളിലെ 351 ഭേദഗതി നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് മുന്നിലെത്തിയിരുന്നു. ഇതിന്റെ ഭാഗമായുള്ള പരിഷ്കാരങ്ങൾ മന്ത്രി എം.ബി രാജേഷ് വാര്‍ത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.കെട്ടിട നിര്‍മാണം നടക്കുന്ന പ്ലോട്ടില്‍ത്തന്നെ ആവശ്യമായ പാര്‍ക്കിങ് സംവിധാനം ഒരുക്കണമെന്ന വ്യവസ്ഥയ്ക്ക് ഇളവ് വരും. കെട്ടിടം നിര്‍മിക്കുന്ന ഭൂമിയുടെ ഉടമസ്ഥന്റെ തന്നെ മറ്റൊരു സ്ഥലത്ത് പാര്‍ക്കിങ് അനുവദിക്കാം. രണ്ട് ഭൂമിയുടെയും ഉടസ്ഥത ഒരാളുടേതായിരിക്കണമെന്ന് മാത്രം. 25 ശതമാനം പാര്‍ക്കിങ് നിര്‍മാണം നടക്കുന്ന ഭൂമിയിലും ബാക്കി 75 ശതമാനം പാര്‍ക്കിങ് ഇതേ ഭൂമിയുടെ ഉടമസ്ഥന്റെതന്നെ കൈവശമുള്ള സമീപത്തുള്ള ഭൂമിയിലും നടത്താം.
ഗാലറിയില്ലാത്ത ടര്‍ഫുകള്‍ക്ക് പാര്‍ക്കിങ്ങിന്റെ കാര്യത്തില്‍ ഇളവ് അനുവദിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഫ്ളോര്‍ ഏരിയ അനുസരിച്ചുള്ള പാര്‍ക്കിങ് സൗകര്യം വേണമെന്ന നിയമത്തില്‍ ഇളവ് കൊണ്ടുവരും. കെട്ടിട നിര്‍മാണത്തിനുള്ള പെര്‍മിറ്റ് തുടര്‍ച്ചയായി രണ്ടുതവണകൂടി നീട്ടി നല്‍കും. നിലവില്‍ അഞ്ചുവര്‍ഷത്തേക്കാണ് നീട്ടി നല്‍കുക. വീണ്ടും പുതുക്കാന്‍ സങ്കീര്‍ണമായ നടപടികള്‍ കടന്നുപോകണം. ഈ രീതി മാറും. രണ്ട് തവണ അഞ്ചുവര്‍ഷം വീതം നീട്ടി നല്‍കാന്‍ വ്യവസ്ഥകള്‍ ലഘൂകരിക്കും. പെര്‍മിറ്റ് അനുവദിക്കുന്നതിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ തലത്തില്‍ അപ്പലേറ്റ് അതോറിറ്റി വരുമെന്നതാണ് സുപ്രധാനമായ മറ്റൊരു തീരുമാനം.
ജനങ്ങള്‍ക്ക് സമയബന്ധിതമായി സേവനങ്ങള്‍ ഉറപ്പാക്കും. ഇതിനൊപ്പം ഡയറക്ടറേറ്റില്‍ കോള്‍ സെന്ററും വാട്സാപ്പ് നമ്പരും ഏര്‍പ്പെടുത്തും. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളില്‍ സമയബന്ധിതമായ നടപടി ഉറപ്പുവരുത്തുമെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നവരെ കൃത്യമായ കാരണമില്ലാതെ നേരിട്ട് വിളിച്ചുവരുത്തിയാല്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കും. അപേക്ഷ സമര്‍പ്പിക്കുന്ന സമയത്തുതന്നെ ആവശ്യമായ രേഖകളുടെ ചെക്ക് ലിസ്റ്റ് അപേക്ഷകന് കൈമാറണം. ഇത് ഓണ്‍ലൈനായും ഓഫ്‌ലൈനായും ഉറപ്പാക്കണം. അപേക്ഷ സ്വീകരിക്കുന്ന സമയത്ത് ഈ രേഖകളെല്ലാമുണ്ടെന്ന് ഉറപ്പ് വരുത്തണം. സേവനങ്ങള്‍ യഥാസമയത്ത് ജനങ്ങള്‍ക്ക് നല്‍കുന്നുണ്ടോയെന്ന് തുടര്‍ച്ചയായ പരിശോധന നടക്കും.
ഇതിനൊപ്പം തദ്ദേശസ്ഥാപനങ്ങള്‍ വാണിജ്യസ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ലൈസന്‍സുകള്‍ക്ക് ഈടാക്കുന്ന ഫീസിന്റെ സ്ലാബുകളില്‍ മാറ്റംവരും. കൂടുതല്‍ സ്ലാബുകള്‍ കൊണ്ടുവരാനാണ് നീക്കം. ലൈസന്‍സ് എടുക്കാന്‍ വൈകിയാല്‍ ഈടാക്കുന്ന പിഴത്തുക കുറയ്ക്കും. വീടുകളോട് ചേര്‍ന്നുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് ലഭ്യമാക്കാന്‍ ചട്ടങ്ങളില്‍ ഭേദഗതി വരും.
ഹരിത കര്‍മസേന ശേഖരിക്കുന്ന ഖരമാലിന്യങ്ങള്‍ക്ക് ഈടാക്കുന്ന തുകയുടെ അന്തരം കുറയ്ക്കും. പ്രവര്‍ത്തനം കൂടുതല്‍ ജനസൗഹൃദമാക്കും. ആഴ്ചയിലൊരിക്കല്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഇതിനൊപ്പം കലണ്ടര്‍ പ്രകാരം മറ്റ് മാലിന്യങ്ങളും ശേഖരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. നിശ്ചിത യൂസര്‍ഫീ ഇതിനായി ഈടാക്കുന്നുണ്ട്.
കലണ്ടര്‍ പ്രകാരമല്ലാതെ അജൈവ മാലിന്യം നീക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അധിക ഫീസ് ഈടാക്കും. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുണ്ടാകുന്ന മാലിന്യത്തിന്റെ അളവ് അനുസരിച്ച് മാത്രമാകും ഇനി യൂസര്‍ഫീ.