Hivision Channel

ഓണത്തോടനുബന്ധിച്ച് പഴം, പച്ചക്കറി ഉത്പ്പന്നങ്ങളുടെ വില നിയന്ത്രിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കും; മന്ത്രി ജി.ആര്‍ അനില്‍

ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെയും പഴം, പച്ചക്കറി ഉത്പ്പന്നങ്ങളുടെയും വില നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍.

സംസ്ഥാനത്ത് വിലക്കയറ്റം സംബന്ധിച്ച സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ലാന്റ് റവന്യു കമ്മീഷണര്‍, ജില്ലാ കളക്ടര്‍മാര്‍, ഭക്ഷ്യ വകുപ്പ് സെക്രട്ടറി, സിവില്‍സപ്ലൈസ് കമ്മീഷണര്‍, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ഉള്‍പ്പെടെയുള്ള വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഓണത്തിന് മുന്നോടിയായി സംസ്ഥാനത്തെ അവശ്യസാധനങ്ങളുടെ വിലനിലവാരം ചര്‍ച്ച ചെയ്യുകയും വിവിധ വകുപ്പുകള്‍ സ്വീകരിച്ചിട്ടുള്ള നടപടികളും മന്ത്രി വിലയിരുത്തി.

കഴിഞ്ഞ രണ്ടു മാസങ്ങളിലായി രാജ്യത്ത് വിലവര്‍ധനവ് പ്രകടമായിരുന്നു. കേരളത്തിലും സ്വാഭാവികമായി ഇത് പ്രതിഫലിച്ചിട്ടുണ്ട്. എന്നാല്‍ ആഗസ്റ്റ് ആദ്യ ആഴ്ചയിലെ വിലനിലവാരം പരിശോധിക്കുമ്പോള്‍ ജൂലൈ 31ന് അവസാനിച്ച ആഴ്ചയെക്കാള്‍ അരി , വെളിച്ചെണ്ണ , ചെറുപയര്‍ , കടല , തുവര, മുളക് എന്നിവയുടെ വില കുറഞ്ഞിട്ടുണ്ട്. പഴം , പച്ചക്കറികള്‍ , കോഴിയിറച്ചി എന്നീ ഉത്പ്പന്നങ്ങള്‍ക്കും ആഗസ്റ്റ് മാസത്തില്‍ വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച വിലക്കയറ്റം സംബന്ധിച്ച കണക്കുപ്രകാരം ആന്ധ്ര(5.87), ബീഹാര്‍ (6.37), കര്‍ണ്ണാടക(5.98), ഒഡീഷ(7.22), കേരളം(5.83), ഉത്പ്പാദക സംസ്ഥാനങ്ങളേക്കാള്‍ താഴെയാണ് കേരളത്തിന്റെ വിലക്കയറ്റനിരക്ക്. ഭക്ഷ്യ പൊതുവിതരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പ്രൈസ് റിസേര്‍ച്ച് & മോണിട്ടറിംഗ് സെല്‍ അവശ്യസാധങ്ങളുടെ വിലനിലാവരം പരിശോധിച്ച് സര്‍ക്കാരിന് കൃത്യമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവരുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *