Hivision Channel

അതിശക്തമായ മഴക്ക് സാധ്യത; 4 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും യെല്ലോ അലേര്‍ട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുടര്‍ച്ചയായി മഴ കിട്ടുന്ന മലയോരമേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതകള്‍ മുന്നില്‍കാണണം. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

നാളെ (ആഗസ്റ്റ് 21) ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണ്. സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്.

Leave a Comment

Your email address will not be published. Required fields are marked *