ഈ വര്‍ഷത്തെ ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഐവൈ കാര്‍ഡുടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും 13 ഇനം അവശ്യസാധനങ്ങള്‍ ഉള്‍പ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി . ഇതിനായി 34.29 കോടി രൂപ മുന്‍കൂറായി സപ്ലൈകോയ്ക്ക് അനുവദിച്ചു. റേഷന്‍കടകള്‍ മുഖേനയാണ് വിതരണം. ആകെ 5,99,000 കിറ്റുകളാണ് വിതരണം ചെയ്യുക.
തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടി ഉപ്പ്, എന്നീ ഇനങ്ങളോടൊപ്പം തുണിസഞ്ചിയും നല്‍കും.
മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍
സര്‍ക്കാര്‍, എയ്ഡഡ് സ്കൂളൂകളില്‍ അധിക തസ്തികകള്‍
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളൂകളില്‍ 2023-2024 അധ്യയന വര്‍ഷത്തില്‍ നടത്തിയ തസ്തികനിര്‍ണ്ണയ പ്രകാരം, സര്‍ക്കാര്‍ മേഖലയിലെ 513 സ്കൂളുകളിലായി 957 അധിക തസ്തികകളും, 699 എയ്ഡഡ് സ്കൂളുകളിലായി 1368 അധിക തസ്തികകളും അനുവദിക്കും.
ആകെ 1212 സ്കൂളുകളില്‍ നിന്നും 2325 അധ്യാപക, അനധ്യാപക അധികതസ്തികകളാണ് അനുവദിക്കുക. പ്രതിമാസം 8,47,74,200 രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടാകും. 2023 ഓക്ടോബര്‍ ഒന്ന് മുതലാണ് പ്രാബല്യം.
മലബാര്‍ ഇന്റര്‍നാഷണല്‍ പോര്‍ട്ട് & സെസ് ലിമിറ്റഡിന്റെ കരട് പദ്ധതി റിപ്പോര്‍ട്ടിന് അംഗീകാരം
മലബാര്‍ ഇന്റര്‍നാഷണല്‍ പോര്‍ട്ട് & സെസ് ലിമിറ്റഡിന്റെ കരട് പദ്ധതി റിപ്പോര്‍ട്ടിന് മന്ത്രിസഭായോഗം അംഗീകാരം നല്കി. സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് (സിഎംഡി) തയ്യാറാക്കി സമര്‍പ്പിച്ച സാമ്പത്തിക ഘടന റിപ്പോര്‍ട്ട് അംഗീകരിച്ച് നടപടി സ്വീകരിക്കും. പദ്ധതിയുടെ തുടര്‍ന്നുള്ള ഘട്ടങ്ങളിലെ വികസനത്തിന് സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാകാതിരിക്കാന്‍ കണ്‍സഷണയര്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം പദ്ധതിയുടെ തുടക്കം മുതല്‍ തന്നെ സര്‍ക്കാരിന് ഷെയര്‍ ചെയ്യേണ്ടതാണെന്ന വ്യവസ്ഥ EOI – ല്‍ ഉള്‍പ്പെടുത്തും. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് (VGF) ലഭ്യമാക്കുന്നതിനും തത്വത്തില്‍ അംഗീകാരം നല്കി.
സംസ്ഥാന സര്‍ക്കാര്‍ തുറമുഖ വകുപ്പിന് കീഴില്‍ നടപ്പാക്കുന്ന പ്രധാന പദ്ധതിയാണ് കണ്ണൂര്‍ അഴീക്കല്‍ അന്താരാഷ്ട്ര ?ഗ്രീന്‍ഫീല്‍ഡ് പോര്‍ട്ടും അതോടനുബന്ധിച്ച് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് / പ്രത്യേക സാമ്പത്തിക മേഖലകള്‍ എന്നിവയുടെ വികസനവും. ഇതിനായി മലബാര്‍ ഇന്റര്‍നാഷണല്‍ പോര്‍ട്ട് & സെസ് ലിമിറ്റഡ് എന്ന പേരില്‍ പ്രത്യേക കമ്പനി മുഖ്യമന്ത്രി ചെയര്‍മാനായി രൂപീകരിച്ചിട്ടുണ്ട്. 14.1 മീറ്റര്‍ ആഴമുള്ളതും 8000-75,000 DWT അല്ലെങ്കില്‍ 5000 TEU വരെ ശേഷിയുള്ള പനമാക്സ് വലിപ്പമുള്ള കണ്ടയിനര്‍ കപ്പലുകള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കുന്നതരത്തിലുള്ള തുറമുഖ വികസനവും വ്യവസായ പാര്‍ക്കുകള്‍ / പ്രത്യേക സമ്പത്തിക മേഖലകള്‍ വഴി മലബാറിന്റെ വ്യവസായ വാണിജ്യ വികസനത്തിനുമാണ് പദ്ധതി ലക്ഷ്യംവെക്കുന്നത്.