മലപ്പുറം ജില്ലയിലെ നിപ പ്രതിരോധം വിജയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസില്‍ നിന്ന് മറ്റൊരു കേസ് ജില്ലയില്‍ ഇല്ല. 42 ദിവസം ഡബിള്‍ ഇന്‍ക്യൂബേഷന്‍ പീരിയഡ് പൂര്‍ത്തിയാക്കി. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 472 പേരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കി. പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം അവസാനിപ്പിച്ചു.
മരണമടഞ്ഞ കുട്ടിക്ക് മാത്രമാണ് നിപ്പ സ്ഥിരീകരിച്ചത്. ഇന്‍കുബേഷന്‍ പീരീഡ് കഴിഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടേയും സാമ്പിളുകള്‍ പരിശോധിച്ച് നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഐസിഎംആറുമായി ചേര്‍ന്നുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി നടന്നു വരുന്നുണ്ട്. ഇവിടെ നിന്നും ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിരുന്നുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
മലപ്പുറത്ത് നിപ വൈറസ് സംശയിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. ദിവസവും മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗങ്ങള്‍ നടത്തി തുടര്‍നടപടി സ്വീകരിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി നിപ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി 25 കമ്മിറ്റികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രൂപീകരിച്ചു. കോണ്ടാക്ട് ട്രേയ്സിംഗ് അന്ന് രാവിലെ മുതല്‍ ആരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിപ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. നിപ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയും റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി രോഗ സാധ്യതയുള്ള എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധിച്ചു.