ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഗുരുതര വെളിപ്പെടുത്തലില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പേര്‍ട്ടിന്റെ പൂര്‍ണ്ണമായ രൂപം ഹാജരാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. മുദ്ര വച്ച കവറില്‍ ഹാജരാക്കണമെന്ന് നിര്‍ദേശം. സര്‍ക്കാരിന്റെ നിലപാട് ഇക്കാര്യത്തില്‍ കോടതിയ്ക്ക് അറിയേണ്ടതുണ്ടെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് പറഞ്ഞു.
ഇത്തരത്തില്‍ ഒരു പഠന റിപ്പോര്‍ട്ട് കിട്ടിയിട്ട് അതില്‍ ഏത് വിധത്തില്‍ തുടര്‍ നടപടി എടുക്കാന്‍ കഴിയുമെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഒരു കുറ്റകൃത്യം നടന്നു എന്ന് ബോധ്യപ്പെട്ടാല്‍ സര്‍ക്കാരിന് നേരിട്ട് കേസ് എടുക്കാന്‍ വകുപ്പുണ്ടോയെന്ന് സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. പോക്‌സോ വകുപ്പുകളിലാണുളളതെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. കമ്മിറ്റി റിപ്പോര്‍ട്ട് വെച്ച് സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് കോടതി ചോദിച്ചു. സിനിമയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കമ്മറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്‌നങ്ങളെന്ന് കോടതി നിരീക്ഷിച്ചു. മൊഴി നല്‍കിയവരുടെ പേര് വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ടോയെന്ന് കോടതി ചോദിച്ചു. റിപ്പോര്‍ട്ടിന് രഹസ്യ സ്വഭാവമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പക്ഷേ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഒഴിവാക്കുകയാണോയെന്നതാണ് എല്ലാവരുടെയും പ്രശ്‌നമെന്ന് കോടതി. മൊഴി നല്‍കിയവര്‍ക്ക് നേരിട്ട് മുന്‍പിന്‍ വരാന്‍ താല്‍പര്യം ഉണ്ടോയെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു.
പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ രഹസ്യാത്മകതയില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയോയെന്ന് കോടതി ചോദിച്ചു. പരാതിയുളളവര്‍ക്ക് പൊലീസിനയോ മജിസ്‌ട്രേറ്റ് കോടതിയേയോ സമീപിക്കാമല്ലോ എന്ന് ഹൈക്കോടതി. ജുഡീഷ്യല്‍ കമ്മിറ്റിയല്ലാ സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റിയാണ് ഹേമ കമ്മീഷനെന്ന് സര്‍ക്കാര്‍. റിപ്പോര്‍ട്ട് പൊതു ജനമധ്യത്തിലുണ്ടന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.