നമ്മുടെ നാട്ടിലെ ഉന്നത വിദ്യാഭ്യാസ മേഖല അഭിവൃദ്ധിപ്പെടുത്താന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ തന്നെ വിദേശത്തുനിന്ന് വിദ്യാര്‍ഥികള്‍ കേരളത്തിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ധര്‍മ്മടം നിയോജക മണ്ഡലത്തിലെ പിണറായി വില്ലേജില്‍, 12.93 ഏക്കര്‍ സ്ഥലത്ത് 285 കോടി രൂപ ചിലവില്‍ സ്ഥാപിക്കുന്ന വിദ്യാഭ്യാസ സമുച്ചയമായ പിണറായി എജുക്കേഷന്‍ ഹബിന്റെ ശിലാസ്ഥാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തില്‍നിന്ന് വിദേശത്തേക്ക് പോകുന്ന കുട്ടികള്‍ ഇന്ത്യയിലെ ആകെ കണക്കിന്റെ കേവലം നാല് ശതമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ വര്‍ഷം 2600 ഓളം വിദേശ വിദ്യാര്‍ഥികളുടെ അപേക്ഷ കേരളത്തിലെ സ്ഥാപനങ്ങളില്‍ ലഭിച്ചിട്ടുണ്ട്. കുസാറ്റില്‍ 1590 വിദേശ വിദ്യാര്‍ഥികള്‍ നിലവില്‍ പഠിക്കുന്നുണ്ട്. എംജി സര്‍വ്വകലാശാലയില്‍ 855 വിദേശ വിദ്യാര്‍ഥികളുടെ അപേക്ഷ ലഭിച്ചിട്ടുണ്ട്. ‘കേരളീയം’ പരിപാടിയുടെ ഭാഗമായി വിദേശത്തുനിന്ന് വന്ന് പഠിക്കുന്ന നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണം നടന്നാല്‍, ഈ സ്വച്ഛസുന്ദരമായ, സൈര്യമായി ജീവിക്കാന്‍ കഴിയുന്ന ഈ നാട്ടിലേക്ക് വരാനും പഠിക്കാനും ആരും ആഗ്രഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ വിദ്യാര്‍ഥികള്‍ പുറത്തേക്ക് പോയി പഠിക്കുന്നത് വല്ലാത്ത അവസ്ഥയാണെന്ന് ചിത്രീകരിക്കാന്‍ നാട്ടില്‍ ശ്രമം നടക്കുന്നുണ്ട്. അതില്‍ അങ്ങനെ ഉത്കണ്ഠപ്പെടേണ്ട സാഹചര്യമില്ല. അനാവശ്യമായ ഉത്കണ്ഠ പരത്തുന്നതിന് മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മള്‍ വല്ലാത്ത കെണിയില്‍ പെട്ടുപോയി എന്ന രീതിയില്‍ ആള്‍ക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കുട്ടിയുടെ ഉള്ളംകൈയില്‍ ലോകത്തെക്കുറിച്ചുള്ള വിവരമുണ്ട്. എവിടെ പോകണം എന്നുള്ളത് കുട്ടിയാണ് തീരുമാനിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് വിദ്യാര്‍ഥികള്‍ പുറത്തു പോകുന്നതിന്റെ 67% പഞ്ചാബ്, ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ എട്ട് സംസ്ഥാനങ്ങളില്‍ നിന്നാണ്. ഈ സംസ്ഥാനങ്ങളില്‍ മികച്ച വിദ്യാഭ്യാസം ഇല്ലെന്ന് പറയാന്‍ പറ്റുമോ. കേരളം ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ശേഷിച്ച 33 ശതമാനം വിദ്യാര്‍ഥികള്‍ മാത്രമാണ് പോകുന്നത്. രാജ്യത്തിലെ മികച്ച 100 കോളേജുകളുടെ ആദ്യത്തെ റാങ്കിനുള്ളില്‍ സംസ്ഥാനത്തെ 16 കോളേജുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റാങ്കിങ്ങില്‍ ഉള്‍പ്പെട്ട 300 കോളജുകളില്‍ 71 എണ്ണം കേരളത്തില്‍ നിന്നുള്ളവയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബി ധനസഹായത്തോടെയാണ് പിണറായി എജുക്കേഷന്‍ ഹബ് പദ്ധതി നടപ്പിലാക്കുന്നത്. നാടിന്റെ വികസനത്തിന് പണം കണ്ടെത്താനാണ് കിഫ്ബി പുനരുജ്ജീവിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2016ല്‍ 50,000 കോടി രൂപയുടെ പദ്ധതികള്‍ കിഫ്ബി മുഖേന നടപ്പിലാക്കാം എന്ന് കരുതിയിടത്ത് അത് 60,000 കോടിയില്‍ അധികമായി. കിഫ്ബി മുഖേന ഏറ്റെടുക്കുന്ന പദ്ധതികള്‍ ഇപ്പോള്‍ 90,000 കോടിയോട് അടുക്കുകയാണ്. കൂടുതല്‍ കരുത്തോടെ വളരുന്ന കേരള മാതൃകയുടെ ഉദാഹരണമാണ് കിഫ്ബിയെയന്നും മുഖ്യമന്ത്രി പറഞ്ഞു.
പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയായി.
പോളിടെക്‌നിക് കോളേജ്, ഐ എച്ച് ആര്‍ ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, ഐ ടി ഐ, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, സിവില്‍ സര്‍വ്വീസ് അക്കാദമി എന്നിവയാണ് പിണറായി വിദ്യാഭ്യാസ സമുച്ചയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൂടാതെ അടിസ്ഥാന വികസന സൗകര്യങ്ങളായ അതിഥി മന്ദിരം, കാന്റീന്‍, ഓഡിറ്റോറിയം, പൊതുകളിസ്ഥലം, ഹോസ്റ്റല്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.
പദ്ധതിഭൂമിയോട് ചേര്‍ന്ന് പിണറായി ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്, 2000 പേര്‍ക്ക് ഇരിക്കാവുന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്നുണ്ട്. കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഏകോപനച്ചുമതല ഐ എച്ച് ആര്‍ ഡിയും നിര്‍മ്മാണ മേല്‍നോട്ടം കെ എസ് ഐ ടി ഐ എല്ലും നിര്‍വ്വഹിക്കുന്നു.
നവീനമായ പുതുതലമുറ കോഴ്‌സുകള്‍ ഉള്‍പ്പെടെ നല്‍കുന്ന നിരവധി സ്ഥാപനങ്ങള്‍ ഒറ്റ ക്യാമ്പസില്‍ ലഭ്യമാക്കുന്നത് സംസ്ഥാനത്തുതന്നെ ആദ്യമായാണ്. രാജ്യത്തിനകത്തും പുറത്തും നിന്നും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന നിലയിലേക്ക് ഈ സ്ഥാപനത്തിന് വളരാനുള്ള എല്ലാ അനുകൂല ഘടകങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ്, ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയന്‍, ഐ എച്ച് ആര്‍ ഡി സി ഇ ഒ ഡോ.വി.എ. അരുണ്‍കുമാര്‍, ടെക്‌നിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഡോ. പി.ആര്‍.ഷാലിജ്, വ്യാവസായിക പരിശീലന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. കെ എസ് ഐ ടി ഐ എല്‍ എം ഡി ഡോ.സന്തോഷ് ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലന്‍, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി.അനിത, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. കെ. പ്രമീള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ.രാജീവന്‍ (പിണറായി), എന്‍. കെ.രവി (ധര്‍മ്മടം), കെ.ദാമോദരന്‍ (ചെമ്പിലോട്), എ.വി.ഷീബ (പെരളശ്ശേരി), കെ.ഗീത (വേങ്ങാട്), പി.വി. പ്രേമവല്ലി (കടമ്പൂര്‍), ടി.സജിത (മുഴപ്പിലങ്ങാട്), ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗം എ.ദീപ്തി (വാര്‍ഡ് മെമ്പര്‍), വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ. ശശിധരന്‍, സി.എന്‍. ചന്ദ്രന്‍, വി.എ.നാരായണന്‍, വി.കെ.ഗിരിജന്‍, ടി.ഭാസ്‌ക്കരന്‍, എന്‍.പി.താഹിര്‍, ആര്‍.കെ.ഗിരിധരന്‍, വി.സി.വാമനന്‍, പി.എം. ജയചന്ദ്രന്‍, അബ്ദുള്‍ സത്താര്‍ കെ.കെ. എന്നിവര്‍ സംബന്ധിച്ചു.