Hivision Channel

സര്‍ക്കാര്‍ ആശുപത്രിയില്‍ കുട്ടിയുടെ തുടയില്‍ സൂചി തുളച്ചു കയറിയ സംഭവം: ജീവനക്കാര്‍ക്കെതിരെ കൂട്ട നടപടിക്ക് ശുപാര്‍ശ

കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ കുട്ടിയുടെ തുടയില്‍ സൂചി തുളച്ചു കയറിയ സംഭവത്തില്‍ കൂട്ട നടപടിക്ക് ശുപാര്‍ശ. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിങ് ജീവനക്കാര്‍, അസിസ്റ്റന്റുമാര്‍, ശുചീകരണതൊഴിലാളികള്‍ തുടങ്ങിയവര്‍ക്കെതിരെയാണ് നടപടിക്ക് അന്വേഷണ കമ്മീഷന്റെ ശുപാര്‍ശ. നഴ്‌സിങ് ജീവനക്കാര്‍ അടക്കമുള്ളവരെ ഉടന്‍ സ്ഥലം മാറ്റും. സംഭവത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് ഡിഎംഎയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് നീക്കം.

ആരോഗ്യവകുപ്പിന് കീഴിലുള്ള ഹെഡ് നഴ്സുമാര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. സംഭവത്തില്‍ ആശുപത്രിയിലെത്തി അന്വേഷണം നടത്തിയ ജില്ലാ നഴ്സിങ് ഓഫീസറുടെ റിപ്പോര്‍ട്ട്, ജീവനക്കാരുടെ വിശദീകരണം എന്നിവ പരിശോധിച്ചാണ് നടപടി. സംഭവത്തില്‍ ജീവനക്കാര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായതായി ഡിഎംഒ ജമുന വര്‍ഗീസ് കണ്ടെത്തിയിരുന്നു.

കായംകുളം താലൂക്കാശുപത്രിയില്‍ ചികിത്സക്കെത്തിയ ഏഴ് വയസുകാരന്റെ തുടയിലാണ് ഉപയോഗിച്ച സിറിഞ്ച് സൂചി തുളച്ചുകയറിയത്. 14 വര്‍ഷം വരെ കുഞ്ഞിന് എച്ച്‌ഐവി ഉള്‍പ്പടെഉള്ള പരിശോധനകള്‍ നടത്തേണ്ട ഗതികേടിലാണിപ്പോള്‍ കുടുംബം. കായംകുളം ചിറക്കടവം സ്വദേശികളായ കുടുംബത്തിനാണ് ദുരവസ്ഥയുണ്ടായത്. കഴിഞ്ഞ മാസം 19ന് കായംകുളം താലൂക്കാശുപത്രിയില്‍ പനി ബാധിച്ച് എത്തിയതായിരുന്നു. കുട്ടിയെ അത്യാഹിത വിഭാഗത്തിലെ കട്ടിലില്‍ കിടത്തിയപ്പോഴാണ് മറ്റ് ഏതോ രോഗികള്‍ക്ക് കുത്തിവെയ്പ്പ് നടത്തിയ സൂചി തുടയ്ക്ക് മുകളില്‍ തുളച്ച് കയറിയത്. സംഭവം വാര്‍ത്തയായതിന് പിന്നാലെ മനുഷ്യാവകാശ കമ്മീഷന്‍ അടക്കം കേസെടുത്തിരുന്നു.

ഏത് രോഗിയെ കുത്തി വെച്ച സൂചിയാണ് കുഞ്ഞിന്റെ തുടയില്‍ തുളച്ചു കയറിയതെന്ന് വ്യക്തമല്ല. വിദഗ്ധ പരിശോധനയ്ക്കായി വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് കുഞ്ഞിന് എച്ച് വണ്‍ എന്‍ വണ്‍, ഡെങ്കിപ്പനി, പോലെയുള്ള പരിശോധനകള്‍ നടത്തി. എന്നാല്‍ എച്ച്‌ഐവി പരിശോധന മെഡിക്കല്‍ കോളേജില്‍ നടത്താന്‍ പറ്റാത്തതിനാല്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കുടുംബം.ഒരു ടെസ്റ്റിന് ഇരുപതിനായിരം രൂപ വരെ ചിലവാകും. തുടര്‍ന്ന് 14 വര്‍ഷം വരെ എല്ലാവര്‍ഷവും ഈ പരിശോധന നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *