ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ താരങ്ങള്‍ക്കെതിരെ ഉയരുന്ന ഗുരുതര ആരോപണങ്ങളില്‍ എറണാകുളം ലോ കളജ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. താര സംഘടനയായ അമ്മയുടെ ഓഫീസിന് മുന്നില്‍ റീത്ത് വച്ചായിരുന്നു പ്രതിഷേധം. ഹെല്‍മറ്റ് വെച്ചെത്തിയ നാല് വിദ്യാര്‍ത്ഥികളാണ് ബൈക്കുകളിലെത്തി റീത്ത് വെച്ച് പ്രതിഷേധിച്ചത്.
‘അച്ഛനില്ലാത്ത അമ്മയ്ക്ക്’ എന്നാണ് റീത്തില്‍ എഴുതിയിരിക്കുന്നത്. ലോ കോളജ് വിദ്യാര്‍ത്ഥികളുടെ യൂണിയന്റെ റീത്താണ് പ്രതിഷേധ സൂചകമായി അമ്മയുടെ ഓഫീസിന് മുന്നില്‍ വെച്ചിരിക്കുന്നത്. നിലവിലെ പ്രശ്നങ്ങളില്‍ അമ്മയുടെ ഓഫീസിന് തീ കത്തുമ്പോള്‍ പുറത്തേക്ക് ഇറങ്ങിയോടുന്ന അംഗങ്ങളുടെ കാര്‍ട്ടൂണും റീത്തിനൊപ്പം വെച്ചിട്ടുണ്ട്.
ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ കഴിഞ്ഞ നാലു ദിവസമായി അമ്മയുടെ ഓഫീസ് അടഞ്ഞുകിടക്കുകയായിരുന്നു ഇതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. ‘അമ്മ’ സംഘടനയുടെ 17 അംഗ എക്സിക്യൂട്ടീവ് നാളെ കൊച്ചിയില്‍ യോഗം ചേരുന്നുണ്ട്. ജനറല്‍ സെക്രട്ടറിയുടെ ചുമതല താല്‍ക്കാലികമായി ജോയിന്റ് സെക്രട്ടറി ബാബുരാജാണ് നിര്‍വഹിക്കുന്നത്. രേവതി സമ്പത്തിന്റെ ആരോപണത്തിന് പിന്നാലെ സിദ്ദിഖിന് താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വയ്ക്കേണ്ടി വന്നിരുന്നു.