Hivision Channel

13 വയസുകാരി സിഡബ്ല്യുസിയുടെ സംരക്ഷണയില്‍; 10 ദിവസത്തോളം കൗണ്‍സിലിംഗ് നല്‍കും

വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തി തിരുവനന്തപുരത്ത് തിരിച്ചെത്തിച്ച 13 വയസുകാരി സിഡബ്ല്യുസിയുടെ സംരക്ഷണയില്‍ തുടരുന്നു. ഇന്നലെ കുട്ടിയുടെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം കൗണ്‍സിലിംഗ് നടപടികള്‍ ആരംഭിച്ചിരുന്നു. 10 ദിവസത്തോളം കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കും.

മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താത്പര്യമില്ലെന്ന് കുട്ടി ഇന്നലെ സിഡബ്ല്യുസി അംഗങ്ങളെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൗണ്‍സിലിംഗ് കഴിഞ്ഞാല്‍ കുട്ടിയെ സിഡബ്ല്യുസി ഏറ്റെടുക്കും. കുട്ടിയുടെ രണ്ടു സഹോദരിമാരെയും സിഡബ്ല്യുസി ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കുട്ടികളെ ഏറ്റെടുക്കുന്നതില്‍ മാതാപിതാക്കളും സമ്മതം അറിയിച്ചു. വീട്ടില്‍ പോകാന്‍ താത്പര്യമില്ലെന്ന് കുട്ടി പറയുന്നതില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. അമ്മയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനും പൊലീസ് ഒരുങ്ങുന്നുണ്ട്.

അമ്മ കുറേ ജോലികള്‍ ചെയ്യിപ്പിക്കുമെന്നും അടിക്കുമെന്നും കുട്ടി കമ്മീഷന് മുന്നില്‍ വിശിദീകരിച്ചുവെന്നും സിഡബ്ല്യുസി ചെയര്‍പേഴ്സണ്‍ ഷാനിബ ബീഗം പറഞ്ഞിരുന്നു. മൂത്ത കുട്ടിയല്ലേ എന്ന് വച്ച് അമ്മ കുട്ടിയെ കൂടുതല്‍ വഴക്ക് പറയാറുണ്ടായിരുന്നു. പത്ത് ദിവസത്തെ കൗണ്‍സിലിങ്ങിനു ശേഷം മാതാപിതാക്കളുടെ കൂടെ വിടണമോ എന്ന് തീരുമാനിക്കുമെന്നും കുട്ടിയുടെ പൂര്‍ണ്ണ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

കേരളത്തില്‍ തന്നെ നില്‍ക്കാനാണ് ഇഷ്ട്ടമെന്നും ഇവിടെ തന്നെ പഠിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കുട്ടി പറഞ്ഞു. തല്‍ക്കാലം മാതാപിതാക്കള്‍ക്കൊപ്പം കുട്ടിയെ അയക്കുന്നില്ല എന്ന തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. വേണമെങ്കില്‍ കുട്ടിയുടെ സഹോദരങ്ങളെ കൂടി നിര്‍ത്താമെന്ന് സിഡബ്ല്യൂസി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *