കണ്ണൂര്‍:ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ക്ക് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നല്‍കുന്ന കേരള ബ്രാന്‍ഡ് പദ്ധതിയില്‍ ഏറ്റവും മികച്ച നേട്ടവുമായി കണ്ണൂര്‍ ജില്ല. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ആറ് സ്ഥാപനങ്ങള്‍ക്ക് കേരള ബ്രാന്‍ഡ് അനുവദിച്ചപ്പോള്‍, ഇതില്‍ രണ്ട് സ്ഥാപനങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നാണ്. അഞ്ചരക്കണ്ടി ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ ബാങ്ക് ലിമിറ്റഡിന്റെ കീഴിലുള്ള സഹകാരി ഇന്റഗ്രേറ്റഡ് കോക്കനട്ട് പ്രോസസിംഗ് പ്ലാന്റ്, തളിപ്പറമ്പ നടുവില്‍ മീന്‍പ്പറ്റി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കെ എം ഓയില്‍ ഇന്‍ഡസ്ട്രീസ് എന്നീ വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ജില്ലയില്‍ ആദ്യമായി കേരള ബ്രാന്റ് ലഭിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ഈ സര്‍ട്ടിഫിക്കേഷന്‍ നേടുന്ന ഉത്പന്നങ്ങള്‍ക്ക് ആഭ്യന്തര, അന്തര്‍ദേശീയ തലങ്ങളില്‍ കേരള ബ്രാന്‍ഡ് നാമത്തില്‍ വിപണനം ചെയ്യാനാകും. ഗുണനിലവാരം, ഉത്പാദനത്തിലെ മൂല്യങ്ങള്‍ എന്നിവ പരിഗണിച്ചാണ് കേരള ബ്രാന്‍ഡിംഗ് നല്‍കുന്നത്. തുടക്കത്തില്‍ വെളിച്ചെണ്ണയ്ക്കും തുടര്‍ന്ന് 14 ഉത്പന്നങ്ങള്‍ക്കുമാണ് കേരള ബ്രാന്‍ഡിംഗ് നല്‍കുന്നത്.
അഞ്ചരക്കണ്ടി ഫാര്‍മേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് കര്‍ഷകരെ സഹായിക്കാന്‍ വേണ്ടിയാണ് 2002 ല്‍ നാളികേര സംസ്‌കരണ യൂണിറ്റ് തുടങ്ങിയത്. കര്‍ഷകരില്‍ നിന്നും നാളികേരം മാര്‍ക്കറ്റ് വിലയേക്കാള്‍ കൂടുതല്‍ വിലയില്‍ സംഭരിച്ചാണ് വെളിച്ചെണ്ണ തയ്യാറാക്കിയത്. അതുകൊണ്ട് തന്നെ ശുദ്ധമായതും മായം കലരാത്തതുമായ വെളിച്ചെണ്ണ നല്‍കാന്‍ സഹകാരിക്ക് സാധിക്കുന്നുണ്ട്. നബാര്‍ഡ് സഹായത്തോടെ അത്യാധുനിക സംവിധാനമുള്ള സഹകാരി ഇന്റഗ്രേറ്റഡ് കോക്കനട്ട് പ്ലാന്റ് 2016 ഒക്ടോബറില്‍ ആനേനിമൊട്ടയില്‍ പ്രവര്‍ത്തനം തുടങ്ങി. വെളിച്ചെണ്ണ, തേങ്ങാപ്പാല്‍, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, കോക്കനട്ട് ചിപ്സ്, സോഫ്റ്റ് ഡ്രിങ്ക് വിനാഗിരി ചിരവിയ തേങ്ങ എന്നിവ ഉല്പാദിപ്പിക്കുന്നു. 51 സ്ഥിരം തൊഴിലാളികളും 10 താല്‍ക്കാലിക തൊഴിലാളികളും ജോലി ചെയ്യുന്നു. ഐഎസ്ഒ, അഗ്മാര്‍ക്ക് ട്രേഡ്മാര്‍ക്ക് സര്‍ട്ടിഫിക്കേഷനുകള്‍ യൂണിറ്റുകള്‍ ലഭിച്ചിട്ടുണ്ട്. നബാര്‍ഡ് ബെസ്റ്റ് യൂണിറ്റ് കോക്കനട്ട് ഡെവലപ്പ്മെന്റ് ബോര്‍ഡ് ബെസ്റ്റ് യൂണിറ്റ് സംസ്ഥാന സഹകരണ അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.
ജോസ് കാഞ്ഞമലയുടെ ഉടമസ്ഥതയില്‍ നടുവില്‍ മീന്‍പ്പറ്റിയില്‍ 42 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന യൂണിറ്റാണ് കെ.എം ഓയില്‍ ഇന്‍ഡസ്ട്രീസ്. വെളിച്ചെണ്ണ നിര്‍മ്മാണത്തില്‍ അഗ്മാര്‍ക്കും ഐഎസ്ഐ സര്‍ട്ടിഫിക്കറ്റും ഉള്ള ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാണ്. മലയോരം, കെ.എം.എല്‍ എന്നിവയാണ് വെളിച്ചെണ്ണയിലെ ഇന്‍ ഹൗസ് ബ്രാന്‍ഡുകള്‍, കേരള, കര്‍ണ്ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ് നാട് എന്നിവിടങ്ങളില്‍ ആഭ്യന്തരമായും യു.എ.ഇ, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ അന്തര്‍ദേശീയമായും പ്രവര്‍ത്തിക്കുന്നു. ഇന്‍ ഹൗസ് ബ്രാന്‍ഡുകള്‍ക്കൊപ്പം 24 രാജ്യങ്ങളില്‍ വിതരണം ചെയ്യുന്ന കേരളത്തിലേയും, മീഡില്‍ ഈസ്റ്റിലേയും ഏകദേശം 14 പ്രശസ്ത കമ്പനികള്‍ക്കായി സ്വകാര്യ ലേബലിംഗില്‍ ഏര്‍പ്പെട്ടിരിക്കുന്നു. സപ്ലൈകോയുടെ അവരുടെ ബ്രാന്‍ഡായ ശബരിക്ക് വേണ്ടി സ്വകാര്യ ലേബലിംഗും ചെയ്യുന്നു.