Hivision Channel

വയനാട് ഉരുള്‍പൊട്ടല്‍; ഡി.എന്‍.എ പരിശോധനയില്‍ മരിച്ച 36 പേരെ തിരിച്ചറിഞ്ഞു

ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരെ ഡി.എന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാമ്പിളുകളാണ് രക്ത ബന്ധുക്കളില്‍ നിന്ന് ശേഖരിച്ച ഡി.എന്‍.എ സാമ്പിളുമായി യോജിച്ചത്. കണ്ണൂര്‍ ഫോറന്‍സിക് സയന്‍സ് ലാബോട്ടറിയിലാണ് പരിശോധന നടത്തിയത്. ജില്ലാ ഭരണകൂടമാണ് ഇത് സംബന്ധിച്ചുള്ള കണക്കുകള്‍ പുറത്തുവിട്ടത്.

ഡി.എന്‍.എ പരിശോധയില്‍ തിരിച്ചറിയപ്പെട്ട മൃതദേഹങ്ങളും ശരീര ഭാഗങ്ങളും വിട്ടുനല്‍കും. ഇതിനായി മാനന്തവാടി സബ് കളക്ടര്‍ക്ക് വിശദാംശങ്ങള്‍ നല്‍കിയാല്‍ അവ പുറത്തെടുക്കുന്നതിനും കൈമാറുന്നതിനും സൗകര്യം ഒരുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പുത്തുമലയിലാണ് തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരിക്കുന്നത്.

ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീര ഭാഗങ്ങള്‍ ലഭിച്ചതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയാണ് സംസ്‌കരിച്ചത്. ഇതിനാല്‍ തന്നെ തിരിച്ചറിഞ്ഞവ ഈ നമ്പര്‍ നോക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാനാകും. മൃതദേഹങ്ങളും ശരീരഭാഗങ്ങളും നിലവില്‍ സംസ്‌കരിച്ച സ്ഥലത്ത് തുടരാന്‍ ആഗ്രഹിക്കുന്ന ബന്ധുക്കള്‍ക്ക് അതിനുള്ള സൗകര്യവും ചെയ്യും.

Leave a Comment

Your email address will not be published. Required fields are marked *