Hivision Channel

വയനാട് ദുരന്തത്തിന് ഇന്നേക്ക് ഒരു മാസം

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായിട്ട് ഇന്ന് ഒരു മാസം. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 231 പേരുടെ ജീവനാണ് ഉരുള്‍പ്പൊട്ടലില്‍ പൊലിഞ്ഞത്. 78 പേര്‍ ഇന്നും കാണാമറയത്ത് ആണ്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ട മൂന്ന് ഗ്രാമങ്ങളിലുള്ളവര്‍ ദുരന്തമുണ്ടാക്കിയ വേദനകളിലാണ് ഇപ്പോഴും കഴിയുന്നത്.എട്ട് കിലോമീറ്ററോളം ദൂരത്തില്‍ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല ഗ്രാമങ്ങളെ ഇല്ലാതാക്കിയാണ് മഹാദുരന്തം കടന്നുപോയത്.

ഒരു പകലും രാത്രിയും തോരാതെ കറുത്ത് ഇരുണ്ട് പെയ്ത മഴയും പിന്നാലെയുണ്ടായ രണ്ട് ഉരുള്‍പൊട്ടലും നൂറ് കണക്കിന് ജീവനുകളാണ് കവര്‍ന്നത്. 62 കുടുംബങ്ങള്‍ ഒരാള്‍ പോലുമില്ലാതെ പൂര്‍ണമായും ഇല്ലാതായി. പ്രാണന്‍ കയ്യിലെടുത്ത് ഓടിപോയ പലരും ഒറ്റപ്പെട്ടു. ചെളിയില്‍ കുതിര്‍ന്ന് ജീവനുവേണ്ടി കരയുന്ന മനുഷ്യരുടെ ഉള്ളുലയക്കുന്ന കാഴ്ചയായിരുന്നു പുലര്‍ന്നപ്പോള്‍ ഈ നാട് സാക്ഷ്യം വഹിച്ചത്.

രണ്ട് ദിവസത്തിന് ശേഷം ദുരന്തത്തിന്റെ വ്യാപ്തിയെത്രയെന്ന് പോലും തിരിച്ചറിഞ്ഞത്. ചെളിയിലാണ്ടുപോയ മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും ജീവന്‍ പണയം വെച്ച് മനുഷ്യര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ചാലിയാര്‍പ്പുഴയിലൂടെ കുത്തിയൊലിച്ച് പോയ നിരവധി മൃതദേഹങ്ങള്‍ മലപ്പുറം നിലമ്പൂരില്‍ നിന്നാണ് കണ്ടെത്തിയത്. 71 പേര്‍ക്ക് പരിക്കേറ്റു. 183 വീടുകള്‍ ഇല്ലാതായി 145 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

കേരളം ഇന്നേ വരേ കണ്ടിട്ടാല്ലാത്ത രീതിയിലുള്ള കൂട്ട സംസ്‌കാരവും ദുരത്തിനൊടുവില്‍ കാണേണ്ടി വന്നു. ദുരിതക്കയത്തിലായ നാടിനെ ചേര്‍ത്ത് പിടിക്കാന്‍ നിരവധി കരങ്ങളുണ്ടായിരുന്നു. സഹായം എല്ലായിടത്ത് നിന്നും എത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഏകോപനം നടന്നു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സന്ദര്‍ശനം നടത്തി. ദുരന്തത്തിലകപ്പെട്ട മനുഷ്യര്‍ ഇന്ന് താല്‍ക്കാലിക പുനരധിവാസ കേന്ദ്രങ്ങളിലാണ്. കൈവിട്ട് പോയ ജീവിതം തിരികെ പിടിക്കാനുള്ള കൈത്താങ്ങാണ് ഇനി അവര്‍ക്ക് ആവശ്യം.

Leave a Comment

Your email address will not be published. Required fields are marked *