ചെള്ള് പനി റിപ്പോര്‍ട്ട് ചെയ്ത മാലൂര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് പുരളിമല ട്രൈബല്‍ നഗറില്‍ ആരോഗ്യവകുപ്പ് സംഘം സന്ദര്‍ശിച്ചു. ആരോഗ്യവകുപ്പിന്റെ കീഴിലെ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ സംഘം സ്ഥലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി.
ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ അനീറ്റ കെ ജോസി, ജില്ലാ വെക്ടര്‍ ബോര്‍ഡ് കണ്‍ട്രോള്‍ ഡിസീസ് ഓഫീസര്‍ ഡോ കെ കെ ഷിനി, ജില്ലാ എപിഡമോളജിസ്റ്റ് ജി എസ് അഭിഷേക്, ബയോളജിസ്റ്റ് രമേശന്‍, അസിസ്റ്റന്റ് എന്റമോളാജിസ്റ്റ് കെ സതീഷ് കുമാര്‍, ഇന്‍സക്ട് കളക്ടര്‍ പ്രദോഷ്, ശ്രീഭ, ഡി വി സി യൂണിറ്റ് അംഗങ്ങളായ ശൈലജ, സീന, രാജന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് സന്ദര്‍ശനം നടത്തിയത്.
ചെള്ള് പനി റിപ്പോര്‍ട്ട് ചെയ്ത പരിസര പ്രദേശങ്ങളില്‍ ഫ്‌ളാഗിങ് നടത്തി സാമ്പിളുകള്‍ ശേഖരിച്ചു. ചെള്ള് നിയന്ത്രണത്തിന്റെ ഭാഗമായി ഡസ്റ്റിംഗ് നടത്തി. ചെള്ള് പനി പടരുന്ന സാഹചര്യം പ്രതിരോധിക്കുന്നതിനായി തൊഴിലുറപ്പ് തൊഴിലാളികള്‍, കര്‍ഷകര്‍, റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് ബോധവത്കരണവും രോഗപ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ വിതരണവും നടത്തി. കൈയുറകളും ബൂട്‌സും ധരിക്കണമെന്നും വീട്ടുപരിസരങ്ങളിലെ കുറ്റിക്കാടുകള്‍ വെട്ടിത്തെളിച്ച് കത്തിക്കണമെന്നും അറിയിപ്പ് നല്‍കി. പനി, ചെള്ള് കടിച്ച ചുവന്ന പാടുകള്‍ എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മാലൂര്‍ പ്രാഥമികരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ സിബീഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുബന്‍, ആശവര്‍ക്കര്‍ ഷിംന, വാര്‍ഡ് മെംബര്‍ ശ്രീകല, പി രാഖി എന്നിവര്‍ പങ്കെടുത്തു.