എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കി. ബിജെപി ബാന്ധവ വിവാദത്തിലാണ് പാര്‍ട്ടിയുടെ അച്ചടക്ക നടപടി. ടി പി രാമകൃഷ്ണനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ ഇപി കണ്ണൂരിലേക്ക് പോയി. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജന്‍ നടത്തിയ കൂടിക്കാഴ്ച വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. ബിജെപി പ്രവേശനത്തിൽ ഇപിയുമായി 3 വട്ടം ചർച്ച നടത്തിയെന്ന് ശോഭ സുരേന്ദ്രൻ്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച പുറത്തറിഞ്ഞത്. പ്രകാശ് ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ച ആയിരുന്നില്ലെന്നും അതിനാലാണ് പാര്‍ട്ടിയെ അറിയിക്കാത്തിരുന്നത് എന്നുമായിരുന്നു വിഷയത്തില്‍ ഇ പിയുടെ വിശദീകരണം.പ്രതിപക്ഷം ഉന്നയിച്ച ഇപി ജയരാജന്‍-ബിജെപി ബന്ധം സത്യമാണെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. കേരളത്തിലെ സിപിഎമ്മിന് ബിജെപിയുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിയായി. ജാവദേക്കറെ ഇപിയും മുഖ്യമന്ത്രിയും എന്തിന് കണ്ടുവെന്നും സതീശന്‍ ചോദിച്ചു. കേസുകൾ ദുർബലമാക്കാന്‍ മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ജാവദേക്കറെ ഇപി ജയരാജന്‍ കണ്ടതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.