Hivision Channel

മന്ത്രി എംബി രാജേഷിന്റെ ജില്ലാ തദ്ദേശ അദാലത്ത് സെപ്റ്റംബർ രണ്ടിന് കണ്ണൂരിൽ

സംസ്ഥാന സർക്കാറിന്റെ നാലാം നൂറുദിന പരിപാടിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷിന്റെ നേതൃത്വത്തിലുള്ള ജില്ലാതല തദ്ദേശ അദാലത്ത് സെപ്റ്റംബർ രണ്ടിന് കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. രാവിലെ 9.30ന് മന്ത്രി എംബി രാജേഷ് അദാലത്ത് ഉദ്ഘാടനം ചെയ്യും. നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ മുഖ്യാതിഥിയായിരിക്കും. രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനാവും.
പ്രിൻസിപ്പൽ സെക്രട്ടറി, പ്രിൻസിപ്പൽ ഡയറക്ടർ എൽ.എസ്.ജി.ഡി, റൂറൽ ഡയറക്ടർ എൽ എസ് ജി ഡി, ചീഫ് ടൗൺ പ്ലാൻ, ചീഫ് എഞ്ചിനിയർ തുടങ്ങിയവരടക്കമുള്ള സംസ്ഥാന തല ഉദ്യോഗസ്ഥർ അദാലത്തിൽ പങ്കെടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ യഥാവിധി അപേക്ഷ നൽകിയതും എന്നാൽ സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയത്തിലുള്ള പരാതികൾ, തദ്ദേശ വകുപ്പ് മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, സഥിരം അദാലത്ത് സമിതി, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓഫിസുകൾ എന്നിവയിൽ തീർപ്പാകാതെയുളള പൊതുജനങ്ങളുടെ പരാതികളും നിവേദനങ്ങളും തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ/നിർദേശങ്ങൾ എന്നിങ്ങനെ 11 ഇനങ്ങളിലെ പരാതികളാണ് പരിഗണിക്കുന്നത്.
ബിൽഡിംഗ് പെർമിറ്റ്/ കംപ്ലീഷൻ ക്രമവത്കരണം, വ്യാപാര, വാണിജ്യ, വ്യവസായ, സേവന ലൈസൻസുകൾ, സിവിൽ രജിസ്‌ട്രേഷൻ (ജനന, മരണ, വിവാഹ രജിസ്‌ട്രേഷൻ), നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ, പദ്ധതി നിർവ്വഹണം, സാമൂഹ്യ സുരക്ഷാ പെൻഷൻ, മാലിന്യ സംസ്‌കരണം, പൊതുസൗകര്യങ്ങളും പൊതുസുരക്ഷയും, ആസ്തി മാനേജ്‌മെന്റ്, സ്ഥാപനങ്ങളുടെയും, സംവിധാനങ്ങളുടെ സൗകര്യങ്ങളുടെയും കാര്യക്ഷമത എന്നീ വിഷയങ്ങളിലെ പരാതികൾ പരിഗണിക്കും.
ലൈഫ്, അതിദാരിദ്ര്യം-അപേക്ഷകൾ, സർവ്വീസ് വിഷയങ്ങൾ എന്നിവ പരിഗണിക്കില്ല.
ആഗസ്റ്റ് 27 വരെ പൊതുജനങ്ങൾക്ക് ഓൺലൈനായി അദാലത്തിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസരം ഉണ്ടായിരുന്നു. ഇതിനോടകം ഓൺലൈനായി 1186 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനുള്ള സ്ഥിരം പരാതി പരിഹാര സംവിധാനമായ സിറ്റിസൺ അദാലത്ത് പോർട്ടൽ വഴി മന്ത്രിയുടെ അദാലത്തിന് വേണ്ടി പ്രത്യേക ലോഗിൻ ലഭ്യമാക്കിയാണ് അപേക്ഷകൾ സ്വീകരിച്ചത്. ഉപജില്ലാ അദാലത്ത് സമിതി, ജില്ലാ അദാലത്ത് സമിതി, സംസ്ഥാന അദാലത്ത് സമിതി എന്നിവിടങ്ങളിൽ പരിഹരിച്ച് തീർപ്പാക്കാൻ കഴിയാത്ത അപേക്ഷകൾ സർക്കാരിന്റെ പരിഗണനക്കായി മന്ത്രിയുടെ ഡെസ്‌കിലേക്ക് നൽകും.
ഈ 11 വിഷയങ്ങളിലുള്ള പരാതികൾ ഓൺലൈനായി നൽകാൻ കഴിയാതിരുന്നവർക്ക് അദാലത്ത് വേദിയിലും നൽകാൻ കഴിയും. ഓൺലൈൻ അപേക്ഷ നൽകിയവർക്കും അദാലത്ത് ദിവസം അപേക്ഷ സമർപ്പിക്കുന്നവർക്കും പ്രത്യേകം രജിസ്‌ട്രേഷൻ കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. രണ്ടിന് രാവിലെ 8.30 മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. ഈ കൗണ്ടറുകളിൽ നിന്നും നൽകുന്ന ടോക്കൺ അടിസ്ഥാനമാക്കി ബന്ധപ്പെട്ട കൗണ്ടറുകളിലേക്ക് അപേക്ഷകരെ വളണ്ടിയർമാർ
എത്തിക്കും.
അഞ്ച് ഉപജില്ലാ അദാലത്ത് സമിതി കൗണ്ടറും ഒരു ജില്ലാ അദാലത്ത് സമിതി കൗണ്ടറും ഒരു സംസ്ഥാന അദാലത്ത് സമിതി കൗണ്ടറും മിനിസ്റ്റേർസ് ഡെസ്‌കുമാണ് സജ്ജമാക്കിയിട്ടുള്ളത്. സംസ്ഥാനതല അദാലത്ത് സമിതി പരിഗണിക്കുന്ന വിഷയങ്ങളാണ് മന്ത്രിയുടെ ഡെസ്‌കിലേക്ക് നൽകുന്നത്. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻമാരും സെക്രട്ടറിമാരും എഞ്ചിനിയർമാരും അദാലത്തിൽ പങ്കെടുക്കും.
ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ സെറീന റഹ്മാൻ എന്നിവരും പങ്കടുത്തു.

Leave a Comment

Your email address will not be published. Required fields are marked *