Hivision Channel

തൃശൂരില്‍ എടിഎം കൊള്ളയടിച്ച സംഘം തമിഴ്നാട്ടില്‍ പിടിയില്‍

തൃശൂരില്‍ മൂന്നിടങ്ങളില്‍ എടിഎമ്മുകള്‍ കൊള്ളയടിച്ച സംഘം തമിഴ്‌നാടില്‍ പിടിയില്‍. ഹരിയാനക്കാരായ സംഘം നാമക്കല്ലില്‍ വെച്ചാണ് തമിഴ്‌നാട് പൊലീസിന്റെ പിടിയിലായത്. നേരത്തെ കണ്ണൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊള്ള നടത്തിയ അതേസംഘമാണ് ഇതെന്ന് പൊലീസ് പറയുന്നു. ഏറ്റുമുട്ടലില്‍ ഒരു പ്രതി കൊല്ലപ്പെട്ടു.

പ്രതികളെ പിന്തുടരുന്നതിനിടെയാണ് തമിഴ്‌നാട് പൊലീസുമായി ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാരനും പരിക്കേറ്റു. ഇന്‍സ്പെക്ടര്‍ തവമണി, രഞ്ജിത്ത് കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊള്ളസംഘത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നതെന്നും എല്ലാവരും ഹരിയാന സ്വദേശികളാണെന്നും പൊലീസ് അറിയിച്ചു. പണം കണ്ടയ്‌നറില്‍ കെട്ടുകെട്ടായി കൊണ്ടുപോവുകയായിരുന്നു. കവര്‍ച്ച സംഘത്തിന്റെ കയ്യില്‍ തോക്കും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലാണ് കവര്‍ച്ച നടന്നത്. പുലര്‍ച്ചെ 2.30 നും 4 മണിക്കും മധ്യേ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്തയിരുന്നു കവര്‍ച്ച. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം. മാപ്രാണത്തെ എടിഎമ്മില്‍ നിന്ന് 30 ലക്ഷം രൂപ, കോലഴിയിലെ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപ, ഷൊര്‍ണൂരിലെ എടിഎമ്മില്‍ നിന്ന് റോഡ് 9.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെത്തിയ മെസേജിലൂടെയാണ് മോഷണ വിവരം അറിഞ്ഞത്. കൊള്ള സംഘം എത്തിയ വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സിസിടിവി ക്യാമറകളില്‍ കറുത്ത സ്‌പ്രേ ചെയ്തതിന് ശേഷമായിരുന്നു മോഷണം.

Leave a Comment

Your email address will not be published. Required fields are marked *