അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലെ വീട്ടിലെത്തിച്ചു. ഏറെ വികാര നിര്‍ഭരമായാണ് നാട് അര്‍ജുനെ ഏറ്റുവാങ്ങിയത്. അര്‍ജുന്റെ വീടിന് സമീപത്തുള്ള പാടത്തിന് നടുവിലുള്ള റോഡിലൂടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് ഓടിയപ്പോള്‍ പാതയുടെ വശങ്ങളില്‍ കണ്ണാടിക്കല്‍ ഗ്രാമം ഒന്നാകെ തടിച്ചുകൂടി. വിലാപങ്ങളും നിശ്വാസങ്ങളും കണ്ണീരും കൊണ്ട് തീര്‍ത്ത ആ പദയാത്രയ്ക്ക് മുന്നില്‍ മന്ത്രി എ കെ ശശീന്ദ്രനും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലും കെകെ രമ എംഎല്‍എയും തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എയും ജില്ലാ കളക്ടര്‍ സ്നേഹില്‍കുമാര്‍ സിങും നീങ്ങി. സാധാരണക്കാരന് കേരളം നല്‍കിയ ആ അനിതരസാധാരണ യാത്രയയപ്പിനെ കേരളക്കരയാകെ ഹൃദയം കൊണ്ട് അനുഗമിച്ചു.
ഒന്‍പത് മണിയോടെ അര്‍ജുന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തെടുത്ത് വീട്ടില്‍ പൊതുദര്‍ശനത്തിനായി വച്ചു. ഒരു മണിക്കൂറാണ് പൊതുദര്‍ശനമെന്ന് നിശ്ചയിച്ചിരുന്നെങ്കിലും നൂറുകണക്കിനാളുകള്‍ അര്‍ജുനെ കാണാന്‍ വീട്ടിലും പരിസരത്തുമായി തടിച്ചുകൂടിയ പശ്ചാത്തലത്തില്‍ പൊതുദര്‍ശനം നീളാനാണ് സാധ്യത.