ഉപഭോക്തൃ സൗഹൃദ പരിപാടികളുമായി കെ എസ് ഇ ബി. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം സമയബന്ധിതമായി പ്രദാനം ചെയ്യുക, ഉപഭോക്താക്കളുമായുള്ള ഹൃദയബന്ധം കൂടുതല്‍ ഊഷ്മളവും വിശ്വസ്തവുമാക്കി മാറ്റുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ പദ്ധതി.
ആദ്യപടിയെന്നോണം ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് ഉപഭോക്തൃ സേവന ദിനമായും തുടര്‍ന്നുള്ള ഒരാഴ്ചക്കാലം ഉപഭോക്തൃ സേവന വാരമായും ആചരിക്കാന്‍ കെ.എസ്.ഇ.ബി. തീരുമാനിച്ചു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 2 രാവിലെ 10-ന് പാലക്കാട്, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കും.
ഒക്ടോബര്‍ 2ന് ഉപഭോക്തൃ സേവനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ ജീവനക്കാരും ഓഫീസര്‍മാരും അവരുടെ കാര്യാലയങ്ങളില്‍ എത്തിച്ചേരും. അതത് കാര്യാലയങ്ങളിലെ ഉപഭോക്തൃ സേവന സംബന്ധിയായ പ്രശ്‌നങ്ങളെയും പരിമിതികളെയും കുറിച്ച് ജീവനക്കാര്‍ ചേര്‍ന്ന് ചര്‍ച്ച ചെയ്യുകയും സേവനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ തീരുമാനങ്ങളെടുക്കുകയും ചെയ്യും.
കൂടാതെ ‘സേവനങ്ങള്‍ വാതില്‍പ്പടിയില്‍’ പദ്ധതിയുടെ നടത്തിപ്പ് കൃത്യമായും കാര്യക്ഷമമായും നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും പുതിയ കണക്ഷനുകള്‍ നിയമപരമായ തടസ്സങ്ങളൊന്നുമില്ലെങ്കില്‍ അപേക്ഷ ലഭിച്ച് 24 മണിക്കൂറിനുള്ളില്‍തന്നെ നല്‍കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുന്നതുമാണ്.
ഒക്ടോബര്‍ 2 മുതല്‍ 8 വരെ ഉപഭോക്തൃ സേവന വാരമായി ആചരിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഈ ദിനങ്ങളില്‍ ജീവനക്കാര്‍ ചേര്‍ന്ന് ഓഫീസും പരിസരവും വൃത്തിയാക്കുകുയും അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റുകയും ചെയ്യും. അതിനു പുറമെ വിതരണ വിഭാഗം കാര്യാലയങ്ങള്‍ സന്ദര്‍ശിക്കുന്ന പൊതുജനങ്ങള്‍ക്ക് സവിശേഷ പരിഗണന നല്‍കി അവരുടെ പരാതികളും ആശങ്കകളും സംശയങ്ങളും പരിഹരിച്ചു നല്‍കും.