Hivision Channel

മിനി മൂണ്‍ പ്രതിഭാസത്തിന് തുടക്കം

അമ്പിളിക്ക് കൂട്ടായി എത്തിയ കുഞ്ഞമ്പിളിയെ ഇനി ആകാശത്ത് കാണാം. അര്‍ജുന എന്ന ഛിന്നഗ്രഹ കൂട്ടത്തിന്റെ ഭാഗമാണ് ഈ കുഞ്ഞ് ചന്ദ്രന്‍. ഇനിയുള്ള രണ്ട് മാസക്കാലത്തെ ചുറ്റല്‍ കഴിഞ്ഞ് നവംബര്‍ 25-ന് ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് മടങ്ങുന്ന മിനി മൂണ്‍ 2055-ല്‍ ഭൂമിക്കടുത്ത് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

‘2024 പിടി5’എന്ന് പേരുള്ള ഛിന്നഗ്രഹത്തിനെയാണ് മിനി മൂണ്‍ എന്ന് വിളിക്കുന്നത്. ഒരു സ്‌കൂള്‍ ബസിന്റെ വലിപ്പം മാത്രമുള്ള ഈ ഛിന്നഗ്രഹം 57 ദിവസത്തേക്ക് മാത്രമേ ഭൂമിയെ ചുറ്റുകയുള്ളൂ. കഴിഞ്ഞ ദിവസം അടുത്തുകൂടെ കടന്നുപോയ ഇതിനെ ഭൂമിയുടെ ഗുരുത്വാകര്‍ഷണം ബലമായി പിടിച്ചെടുക്കുകയായിരുന്നു. നവംബര്‍ അവസാനത്തോടെ ഈ ഛിന്നഗ്രഹം ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തില്‍ നിന്ന് അകലുകയും ബഹിരാകാശ വിദൂരതയിലേക്ക് അപ്രത്യക്ഷമാവുകയും ചെയ്യും.

വെറും 10 മീറ്റര്‍ വ്യാസമുള്ള 2024 പിടി5 ഛിന്നഗ്രഹം ഭൂമിയുടെ സ്വാഭാവിക ഉപഗ്രഹമായ ചന്ദ്രനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തിരിക്കുഞ്ഞനാണ്. ഈ ഛിന്നഗ്രഹത്തെ പ്രത്യേക ഉപകരണങ്ങളില്ലാതെ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കണ്ടെത്താനാകില്ല. ഇതിന് മുന്‍പും ഛിന്നഗ്രഹങ്ങള്‍ ഭൂമിയോടടുത്തെത്തിയ സമാനസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഭൂമിയെ ഭ്രമണം ചെയ്യുന്നത് അപൂര്‍വമാണ്. 1981ലും 2022ലുമാണ് സമാന മിനി മൂണ്‍ പ്രതിഭാസങ്ങള്‍ മുമ്പ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

അര്‍ജുന ബെല്‍റ്റിലെ ചില ഛിന്നഗ്രഹങ്ങള്‍ക്ക് ഭൂമിയോട് താരതമ്യേന അടുത്ത്, ഏകദേശം 4.5 ദശലക്ഷം കിലോമീറ്റര്‍ വരെ എത്താന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. നാസയുടെ ധനസഹായത്തോടെയുള്ള പദ്ധതിയായ ആസ്റ്ററോയിഡ് ടെറസ്ട്രിയല്‍-ഇംപാക്റ്റ് ലാസ്റ്റ് അലേര്‍ട്ട് സിസ്റ്റം (അറ്റ്ലസ്) ഓഗസ്റ്റ് എഴിനാണ് 2024 പിടി5 ഛിന്നഗ്രഹത്തെ കണ്ടെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *