Hivision Channel

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്;മൊഴി നല്‍കിയ പലരും പ്രതികളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല, കേസുമായി പോകാന്‍ ഇരകളെ നിര്‍ബന്ധിക്കാനാവില്ലെന്നും ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലെടുത്ത നടപടികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പ്രത്യേക അന്വേഷണ സംഘം സര്‍ക്കാര്‍ മുഖേന കൈമാറിയതിനൊപ്പം രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയും ഹൈക്കോടതിയില്‍ വിവരങ്ങള്‍ ധരിപ്പിച്ചു. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് മുദ്രവച്ച കവറിലും സര്‍ക്കാരിന്റെ സത്യവാങ്മൂലം പ്രത്യേകമായും സമര്‍പ്പിക്കുകയായിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയ പലരും പ്രതികളുടെ പേരുവെളിപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസുമായി മുന്നോട്ടു പോകാന്‍ ഇരകളെ നിര്‍ബന്ധിക്കാന്‍ ആവില്ലെന്നും
ഹൈക്കോടതി പ്രത്യേക ബഞ്ച് വ്യക്തമാക്കി.

സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പുറത്തു കൊണ്ടുവരാനാണ് പലരും കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. യാതൊരു സമ്മര്‍ദവും ഇല്ലാതെയാണ് കേസുമായി മുന്നോട്ടു പോവാന്‍ താല്‍പര്യമില്ലെന്ന് മൊഴിനല്‍കിയവര്‍ തീരുമാനിച്ചതെന്നും കോടതി വിലയിരുത്തി. കൂടാതെ സിനിമ മേഖലയില്‍ ഒന്നാകെ വരുത്തേണ്ട മാറ്റങ്ങള്‍ സര്‍ക്കാരും കോടതിയില്‍ വിശദീകരിച്ചു. ചലച്ചിത്ര മേഖലയിലെ കമ്മിറ്റികളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളണമെന്നും കോടതി വ്യക്തമാക്കി. കേസില്‍ നേരത്തെ കക്ഷി ചേര്‍ന്ന വനിതാ കമ്മീഷന്‍ വിനോദ മേഖലക്കായി പുതിയ നിയമ നിര്‍മാണത്തിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതായി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *