ആധാര പകര്‍പ്പുകള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന പദ്ധതി സംസ്ഥാനത്താകെ 2025 ഡിസംബറോടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രജിസ്ട്രേഷന്‍ വകുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ സബ് രജിസ്ട്രാറാഫീസില്‍ നിന്നും ആധാരങ്ങളുടെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനവും ജില്ലാതല പ്രഖ്യാപനവും തലശ്ശേരി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2025 ഡിസംബറിന് മുമ്പ് പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി പ്രകാരം ഓണ്‍ലൈനായി ഫീസടച്ച് ഓണ്‍ലൈനായി തന്നെ പകര്‍പ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കാസര്‍കോട് എന്നീ ജില്ലകളില്‍ സേവനം ലഭ്യമായി തുടങ്ങിയിട്ടുണ്ടെന്നും കണ്ണൂരും ഈ ശ്രേണിയിലേക്ക് ഉള്‍പ്പെട്ടെന്നും മന്ത്രി പറഞ്ഞു.
വയനാട് ദുരന്ത ബാധിതര്‍ക്ക് ഭൂമി സംബന്ധിച്ച ആധാരങ്ങളും നഷ്ടപ്പെട്ടതിനാല്‍ രജിസ്ട്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സൗജന്യമായി ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു. ഇതിന് 2025 മാര്‍ച്ച് 31 വരെ പ്രാബല്യമുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഡിജിറ്റല്‍ ആധാര പകര്‍പ്പുകളുടെ വിതരണവും നടന്നു.
നിയമസഭ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ അധ്യക്ഷത വഹിച്ചു. ഡിജിറ്റൈസേഷന്‍ പോലുള്ള എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ജനങ്ങള്‍ക്ക് ഉപകാരപ്രദമാകാന്‍ വേണ്ടിയാണെന്ന് സ്പീക്കര്‍ പറഞ്ഞു.
തലശ്ശേരി മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ കെ എം ജമുനാറാണി ടീച്ചര്‍ മുഖ്യാതിഥിയായി. മുനിസിപ്പല്‍ കൗണ്‍സിലര്‍ഫൈസല്‍ പുനത്തില്‍, രജിസ്ട്രേഷന്‍ ജോയിന്റ് ഐജി പി കെ സാജന്‍കുമാര്‍, കോഴിക്കോട് ഉത്തരമേഖല ഡി ഐ ജി ഒ എ സതീഷ്, തലശ്ശേരി തഹസില്‍ദാര്‍ എം വിജേഷ്, ആള്‍ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആന്റ് സ്‌ക്രൈബ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് എം കെ ബാബുരാജ് എന്നിവര്‍ സംസാരിച്ചു.