സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ഐടി കമ്പനികള്‍ക്കും സംസ്ഥാനത്തെ തൊഴില്‍ നിയമങ്ങളെല്ലാം ബാധകമാണെന്ന് സര്‍ക്കാര്‍. നിയമ സഭയില്‍ അഡ്വ. വി. ആര്‍ സുനില്‍ കുമാര്‍ എംഎല്‍എ ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കവെയാണ് മന്ത്രി ഇക്കാര്യം വിശദമാക്കിയത്. 1960ലെ കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം അനുസരിച്ച് ഓരോ തൊഴിലാളിയുടെയും ഒരു ദിവസത്തെ ജോലിസമയം വിശ്രമം ഉള്‍പ്പെടെ 9 മണിക്കൂര്‍ ആണ്. ഇത് സ്പ്രെഡ് ഓവര്‍ ഉള്‍പ്പെടെ പത്തര മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ടെന്നും വര്‍ഷം 12 കാഷ്വല്‍ ലീവ്, 12 വാര്‍ഷിക ലീവ്, 12 സിക്ക് ലീവ് എന്നിവയ്ക്ക് അര്‍ഹതയുണ്ടെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ഐടി മേഖലയില്‍ നിരവധി അന്താരാഷ്ട്ര കമ്പനികള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഈ സ്ഥാപനങ്ങള്‍ കൂടുതലും ഔട്ട്സോഴ്സിംഗ് ജോലികള്‍ ചെയ്തുവരുന്നവയാണ്. അവ ഏറ്റെടുക്കുന്ന പ്രോജക്ടുകള്‍ നിശ്ചിത സമയത്ത് ചെയ്തു കൊടുക്കുന്നു. കോവിഡ് കാലഘട്ടത്തില്‍ ഐ.ടി
മേഖലകളില്‍ നടപ്പിലാക്കിയ വര്‍ക്ക് ഫ്രം ഹോം സംവിധാനം ഇപ്പോഴും മിക്ക സ്ഥാപനങ്ങളിലും തുടര്‍ന്ന് വരുന്നുണ്ട്.
സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു വരുന്ന ഐ.ടി സ്ഥാപനങ്ങളെല്ലാം ഇവര്‍ക്ക് ബാധകമായ തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍ വരുന്നുണ്ട്. ഓരോ നിയമവും നല്‍കുന്ന സംരക്ഷണം ജീവനക്കാര്‍ക്ക് ലഭിക്കുന്നുണ്ടോ എന്നത് തൊഴില്‍ വകുപ്പ് ഉറപ്പ് വരുത്തുന്നുണ്ട്. 1960ലെ കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം അനുസരിച്ച് ഓരോ തൊഴിലാളിയുടെയും ഒരു ദിവസത്തെ ജോലിസമയം വിശ്രമം ഉള്‍പ്പെടെ 9 മണിക്കൂര്‍ ആണ്. ആയത് സ്പ്രെഡ് ഓവര്‍ ഉള്‍പ്പെടെ പത്തര മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്.
4 മണിക്കൂര്‍ ഇടവേളകളിലും 1 മണിക്കൂര്‍ വിശ്രമം തൊഴിലുടമ തൊഴിലാളികള്‍ക്ക് അനുവദിക്കേണ്ടതാണ്. കൂടാതെ ഒരു വര്‍ഷം 12 കാഷ്വല്‍ ലീവ്, 12 വാര്‍ഷിക ലീവ്, 12 സിക്ക് ലീവ് എന്നിവ നിയമം ഉറപ്പു വരുത്തുന്നു. രാത്രികാലങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി രാത്രി 9 മണിക്കും രാവിലെ 6 മണിക്കും ഇടയില്‍ സ്ത്രീ തൊഴിലാളികളെ ജോലിക്ക് 5 പേരടങ്ങുന്ന ഗ്രൂപ്പായി മാത്രമേ നിയോഗിക്കാവൂയെന്നും അത്തരത്തില്‍ ഒരു ഗ്രൂപ്പില്‍ കുറഞ്ഞത് 2 പേര്‍ സ്ത്രീ ജീവനക്കാരായിരിക്കണമെന്നും 1960-ലെ കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
രാത്രികാലങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീതൊഴിലാളികള്‍ക്ക് താമസ സ്ഥലം മുതല്‍ ജോലി സ്ഥലം വരെയും തിരിച്ചും വാഹന സൗകര്യം തൊഴിലുടമ നല്‍കണമെന്നും ടി നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
സംസ്ഥാനത്ത് തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനായി തൊഴില്‍ വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗം പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഐ.ടി കമ്പനികളിലെ ജീവനക്കാരില്‍ നിന്നും അമിത ജോലിഭാരം, മറ്റ് മാനസിക സംഘര്‍ഷം എന്നിവ സംബന്ധിച്ച പരാതികളൊന്നും ലഭിച്ചിട്ടില്ല. പരാതികള്‍ ലഭിക്കുന്ന അവസരങ്ങളില്‍ തൊഴില്‍ വകുപ്പ് സത്വരമായി ഇടപെട്ട് ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കാറുണ്ട്. സംസ്ഥാനം വ്യവസായ സൗഹൃദം ആക്കുന്നതിനും തൊഴിലിടങ്ങളില്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന തൊഴില്‍പരമായ പ്രശ്നങ്ങള്‍ അറിയിക്കുന്നതിനായി തൊഴില്‍ വകുപ്പ് സഹജ എന്ന പേരില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു കോള്‍ സെന്റര്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. (നമ്പര്‍: 1800 425 552 15) സ്ത്രീ ജീവനക്കാര്‍ക്ക് അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ തന്നെ പരാതി നല്‍കി പരിഹാരം കാണുന്നതിന് കഴിയുന്നു. വിവിധ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ നേരിടുന്ന അമിത ജോലി ഭാരവും മാനസിക സംഘര്‍ഷങ്ങളും മൂലം വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യ അടക്കമുള്ള
വിഷയങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സംസ്ഥാന തലത്തില്‍ ഒരു വിദഗ്ധ സമിതി രൂപീകരിക്കുന്നത് വളരെ പ്രയോജനകരമായിരിക്കും.
സംഘടിത മേഖലയുടെ പരിധിയില്‍ വരുന്ന വ്യവസായ ശാലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം, ആരോഗ്യം, ക്ഷേമം എന്നിവ വിവിധ നിയമങ്ങളിലൂടെ നടപ്പിലാക്കി തൊഴില്‍ അപകടങ്ങളും, തൊഴില്‍ ജന്യ രോഗങ്ങളും ഇല്ലാതാക്കുക എന്നതാണ് ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിന്റെ മുഖ്യ ലക്ഷ്യം. ഒരു തൊഴിലാളിയെക്കൊണ്ട് ഒരു ദിവസം 8 മണിക്കൂറില്‍ കൂടുതലോ ആഴ്ചയില്‍
48 മണിക്കൂറില്‍ കൂടുതലോ ജോലി ചെയ്യിക്കാന്‍ പാടില്ലായെന്ന് നിലവിലെ ഫാക്ടറി നിയമം 1948 അനുശാസിക്കുന്നുണ്ട്.
എന്നാല്‍ ഐ.ടി മേഖലയുള്‍പ്പെടെയുള്ള അസംഘടിത മേഖലകളില്‍ തൊഴിലാളികള്‍ക്ക് അമിത ജോലിഭാരവും മാനസിക സമ്മര്‍ദ്ദവും ഉണ്ടാകുന്നതായി മനസ്സിലാക്കുന്നു. ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിന്റെ കീഴില്‍ വരുന്ന ഫാക്ടറികളിലെ തൊഴിലാളികളില്‍ നിന്നും അമിത ജോലിഭാരം, മാനസിക സമ്മര്‍ദ്ദം എന്നിവ സംബന്ധിച്ച് പരാതികള്‍ ഒന്നും തന്നെ നാളിതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ തൊഴിലാളികളെ നിയമപരമായി അനുവദിച്ചിട്ടുള്ള സമയത്തില്‍ കൂടുതല്‍ ജോലി ചെയ്യിക്കുമ്പോള്‍
ആയത് അവരുടെ മാനസികവും, ശാരീരികവുമായ ബുദ്ധിമുട്ടുകള്‍, പ്രത്യേകിച്ച് സ്ത്രീകളില്‍ ഉണ്ടാകുന്നതായി പഠനങ്ങള്‍ മുഖേന തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
ഇക്കാരണങ്ങളാല്‍ പലതരം അപകടങ്ങള്‍ സംഭവിക്കുകയും തൊഴിലാളികളുടെ സുരക്ഷിതത്വവും ജീവന് വരെയും നഷ്ടപ്പെടുന്നതിനുള്ള സാഹചര്യവും ഉണ്ടാകാവുന്നതാണ്. ഐ.ടി മേഖലയുള്‍പ്പെടെയുള്ള സംസ്ഥാനത്തിലെ മുഴുവന്‍ സംഘടിത-അസംഘടിത മേഖലകളിലെയും തൊഴിലാളികള്‍ക്ക് തൊഴിലിടങ്ങളിലെ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനതലത്തില്‍ ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കുന്ന കാര്യം ഉചിത തലങ്ങളില്‍ ചര്‍ച്ചയ്ക്കും പരിശോധനയ്ക്കും ശേഷം തീരുമാനിക്കുന്നതാണ്.