Hivision Channel

മലപ്പുറത്തും കണ്ണൂരും അതിശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നാളെ ഇടുക്കിയിലും പത്താം തിയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലും പതിനൊന്നാം തിയതി തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഈ അലേര്‍ട്ടുകള്‍ പിന്‍വലിച്ചു. ഇന്ന് മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് പുതുക്കിയ അറിയിപ്പ് പ്രകാരം ഓറഞ്ച് അലേര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

തെക്കന്‍ കേരളത്തിന് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറുന്ന സാഹചര്യത്തിലാണ് ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തമായത്. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. നാളെ എട്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. 10ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും 11ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 12ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റെവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *