Hivision Channel

മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍ കാര്‍ഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയം ഒക്ടോബര്‍ 25 വരെ നീട്ടി

മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍ കാര്‍ഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയം ഒക്ടോബര്‍ 25 വരെ നീട്ടി. മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ മസ്റ്ററിംഗ് സമയമാണ് പുതുക്കി നിശ്ചയിച്ചത്. നിരവധി പേര്‍ ഇനിയും മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുണ്ട് എന്നതിനാലാണ് സമയ പരിധി നീട്ടിയത്.

സെപ്തംബര്‍ 18ന് തുടങ്ങി ഒക്ടോബര്‍ 8ന് അവസാനിക്കുന്ന വിധത്തിലാണ് നേരത്തെ മുന്‍ഗണനാ കാര്‍ഡുടമകളുടെ ബയോ മെട്രിക് മസ്റ്ററിംഗ് തീരുമാനിച്ചിരുന്നത്. എന്നാല്‍ 80 ശതമാനത്തിനടുത്ത് കാര്‍ഡുടമകളുടെ മസ്റ്ററിംഗ് മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. 20 ശതമാനത്തിനടുത്ത് പേര്‍ മസ്റ്ററിംഗിന് എത്തിയില്ല. അതുകൊണ്ടാണ് സമയം നീട്ടി നല്‍കിയത്.

സുപ്രിംകോടതി ഉത്തരവനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് മുന്‍ഗണനാ പട്ടികയിലുള്ള മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകാരുടെ ഇ-കെവൈസി അപ്‌ഡേഷന്‍ തുടങ്ങിയത്. ഒക്ടോബര്‍ 31നകം മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് നല്‍കിയ നിര്‍ദേശം. ചെയ്തില്ലെങ്കില്‍ റേഷന്‍ വിഹിതം മുടങ്ങുമെന്നും അറിയിപ്പുണ്ട്. റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമായി കടകളില്‍ നേരിട്ടെത്തിയാണ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടത്. കാര്‍ഡ് ഉടമകള്‍ നേരിട്ടെത്തി ഇ പോസില്‍ വിരല്‍ പതിപ്പിച്ച് ബയോ മെട്രിക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. എത്തിച്ചേരാന്‍ കഴിയാത്ത കിടപ്പ് രോഗികള്‍, ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവര്‍ എന്നിവരുടെ പേരു വിവരങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസറെയും റേഷന്‍ കടയുടമയെയും മുന്‍കൂട്ടി അറിയിക്കണം.

Leave a Comment

Your email address will not be published. Required fields are marked *