Hivision Channel

വെസ്റ്റ് നൈല്‍ പനി; ജാഗ്രത പാലിക്കണം: ഡിഎംഒ

കണ്ണൂര്‍:വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത ചെങ്ങളായിയില്‍ ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. കെ.സി സച്ചിന്റെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് സംഘം സന്ദര്‍ശനം നടത്തി. വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത കുട്ടിയുടെ വീട് സംഘം സന്ദര്‍ശിച്ചു. കൊതുകിന്റെ ഉറവിടങ്ങള്‍ കണ്ടെത്താന്‍ പരിശോധന നടത്തി. പരിസര പ്രദേശങ്ങളിലെ വീട്ടുകാര്‍ക്ക് കൊതുക് കടി ഏല്‍ക്കാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കി. പ്രദേശത്ത് നിലവില്‍ പനി സര്‍വ്വേ, എന്റേമോളോജിക്കല്‍ സര്‍വേ എന്നിവ നടത്തിയിട്ടുണ്ട്. ഡിഎംഒ (ആരോഗ്യം) ഡോ.പീയുഷ് എം നമ്പൂതിരിപ്പാടിന്റ നിര്‍ദേശ പ്രകാരമായിരുന്നു സന്ദര്‍ശനം.
ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. കെ.കെ ഷിനി, എപ്പിഡമിയോളജിസ്റ് ജി എസ് അഭിഷേക്, ബയോളജിസ്റ്റ് സി.പി രമേശന്‍, ജില്ലാ ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസര്‍ ടി. സുധീഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
കൊതുക് നിവാരണ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ നടപടികളും തീവ്രമാക്കാന്‍ പഞ്ചായത്തില്‍ ചേര്‍ന്ന ആര്‍ ആര്‍ ടി യോഗം തീരുമാനിച്ചു.
ചെങ്ങളായി പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി മോഹനന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം.എം പ്രജോഷ്, പഞ്ചായത്ത് സെക്രട്ടറി മധു, ചെങ്ങളായി മെഡിക്കല്‍ ഓഫീസര്‍,ഡോ. അഞ്ജു മിറിയം ജോണ്‍, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം. ദീപ്ന, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. മുഹമ്മദ് സയ്യിദ്, വെറ്ററിനറി മെഡിക്കല്‍ ഓഫീസര്‍ ഡോ. നീതു, ഡിവിസി യൂണിറ്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.വി സുരേഷ് ബാബു, ചെങ്ങളായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ഒ പ്രസാദ്, എ.ജെ സജിമോന്‍, ജെ.എച്ച് ഐ (ഗ്രേഡ്-1), നിജില്‍ സിദ്ധാര്‍ഥന്‍ (ജെ എച്ച് ഐ ഗ്രേഡ്-2) എന്നിവര്‍ പങ്കെടുത്തു.

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നില്ല.

വെസ്റ്റ് നൈല്‍ വൈറസ് ആണ് രോഗകാരി. പക്ഷികളെ കടിച്ച കൊതുകുകള്‍ മനുഷ്യരെ കടിക്കുമ്പോള്‍ ആണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരുന്നില്ല. ക്യൂലക്സ് പെണ്‍കൊതുകുകള്‍ ആണ് രോഗം പരത്തുക. രാത്രി കാലങ്ങളിലാണ് ഈ കൊതുകുകള്‍ കടിക്കുന്നത്. വീടിനോട് ചേര്‍ന്ന ഓടകള്‍, മലിനജലം കെട്ടിക്കിടക്കുന്ന കുഴികള്‍, മറ്റ് മലിനജല സ്രോതസുകള്‍ എന്നിവിടങ്ങളിലാണ് ഇവ മുട്ടയിട്ടു പെരുകുന്നത്. പൊതുവെ പക്ഷികളെയാണ് ഈ കൊതുകുകള്‍ കടിക്കുന്നത്. കാക്ക വര്‍ഗത്തില്‍പ്പെട്ട പക്ഷികളിലാണ് വെസ്റ്റ് നൈല്‍ രോഗത്തിന് കാരണമാകുന്ന വൈറസിനെ കൂടുതലായി കാണുന്നത്. പക്ഷികളില്‍ ഈ രോഗം മരണകാരണമാവുന്നു. പ്രദേശത്ത് പക്ഷികള്‍, പ്രത്യേകിച്ച് കാക്കകളോ താറാവോ മറ്റ് പക്ഷികളോ അസ്വഭാവികമായി ചത്ത് വീഴുന്ന സാഹചര്യം ഉണ്ടെങ്കില്‍ ഉടന്‍ ബന്ധപ്പെട്ടവരെ അറിയിക്കണം.

രോഗ ലക്ഷണങ്ങള്‍

ഭൂരിഭാഗം പേരിലും പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടാക്കില്ലെങ്കിലും പനി, ഓക്കാനം, പേശി വേദന, ഛര്‍ദി, തിണര്‍പ്പ് എന്നിവ രോഗം ബാധിച്ചവരില്‍ കാണപ്പെടുന്നു. ഒരു ശതമാനം പേരില്‍ രോഗം തലച്ചോറിനെ ബാധിക്കുകയും ബോധക്ഷയം, ജെന്നി, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, കാഴ്ച നഷ്ടപ്പെടല്‍, പക്ഷാഘാതം എന്നിവ സംഭവിക്കുകയും മരണകാരണമാവുകയും ചെയ്യുന്നുണ്ട്.

ഒരു പ്രദേശത്ത് വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത ശേഷം ജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • കൊതുകടി ഏല്‍ക്കാതിരിക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം. പ്രത്യേകിച്ച് രാത്രികാലത്തുള്ള കൊതുകു കടി.
  • കൊതുക് കടി തടയുന്നതിനായി ലേപനങ്ങള്‍ പുരട്ടാം. ശരീരം മൂടും വിധമുള്ള വസ്ത്രങ്ങള്‍ ധരിക്കാം, ഉറങ്ങുമ്പോള്‍ കൊതുകു വല ഉപയോഗിക്കാം. കൊതുകുതിരി, വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കൊതുകു നശീകരണ യന്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കാം. ഏറ്റവും പ്രധാനമായുള്ളത് കൊതുകിന്റെ ഉറവിടങ്ങള്‍ മലിനസ്രോതസ്സുകള്‍ എന്നിവ നശിപ്പിക്കുക എന്നതാണ്.
  • രോഗം പടരുന്നതിനെ കുറിച്ചും തടയേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ ചുരുങ്ങിയത് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ ജനങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുക പ്രധാനമാണ്. അതിനു ആരോഗ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍, എന്നിവര്‍ മുന്‍കൈ എടുക്കേണ്ടതാണ്.
  • രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ശരിയായ ചികിത്സ തേടുക എന്നത് പ്രധാനമാണ്. സ്വയം ചികിത്സ ആപത്തു വിളിച്ച് വരുത്തുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *