Hivision Channel

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ച ഭക്ഷണ മെനുവില്‍ നിന്ന് രസവും അച്ചാറും ഒഴിവാക്കാന്‍ നിര്‍ദേശം

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ച ഭക്ഷണ മെനുവില്‍ നിന്ന് രസവും അച്ചാറും പുറത്ത്. നിര്‍ദ്ദേശം വ്യക്തമാക്കിക്കൊണ്ടുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങി. എല്ലാ ദിവസവും ഉച്ച ഭക്ഷണത്തിന് കുട്ടികള്‍ക്ക് ചോറിനൊപ്പം രണ്ട് കറികള്‍ നല്‍കണം. പച്ചക്കറിയും പയര്‍ വര്‍ഗങ്ങളും ഉള്‍പ്പെടുന്നതായിരിക്കണം ഉച്ചഭക്ഷണം തയ്യാറാക്കുമ്പോള്‍ പ്രാദേശികമായി ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളും പച്ചക്കറികളും കൂടി ഉള്‍പ്പെടുത്താം. കറികളില്‍ വൈവിധ്യം ഉറപ്പാക്കണം. ചെറുപയര്‍, വന്‍പയര്‍, കടല, ഗ്രീന്‍ പീസ്, മുതിര എന്നിവ കറികളില്‍ ഉള്‍പ്പെടുത്തുന്ന വിധം മെനു തയ്യാറാക്കണം.

ഇതിനായുള്ള സാംപിള്‍ മെനുവും ഉത്തരവിനൊപ്പം നല്‍കിയിട്ടുണ്ട്

തിങ്കള്‍: ചോറ്, അവിയല്‍, പരിപ്പുകറി
ചൊവ്വ: ചോറ്, തോരന്‍, എരിശ്ശേരി
ബുധന്‍: ചോറ്, തോരന്‍ (ഇലക്കറി), സാമ്പാര്‍
വ്യാഴം: ചോറ്, തോരന്‍, സോയാ കറി/കടലക്കറി/ പുളിശ്ശേരി
വെള്ളി: ചോറ്, തോരന്‍, ചീര പരിപ്പുകറി

വിഭവങ്ങള്‍ തയ്യാറാക്കുന്നതിന് ക്യാരറ്റ്, ബീറ്റ്‌റൂട്ട്, പര്‍പ്പിള്‍ ക്യാബേജ്, ക്യാബേജ്, കായ, വാഴക്കൂമ്പ്, ചീര വര്‍ഗ്ഗം, പടവലം, മത്തന്‍ വിഭവങ്ങള്‍, പപ്പായ, കത്തിരിക്ക, തക്കാളി, റാഡിഷ് അടക്കമുള്ള പച്ചക്കറികളും ഉപയോഗിക്കാമെന്നാണ് ഉത്തരവ് വിശദമാക്കുന്നത്. ഫണ്ടിന്റെ ലഭ്യത അനുസരിച്ചും കുട്ടികളുടെ താല്‍പര്യം കണക്കിലെടുത്തും മത്സ്യം/ മാംസം എന്നിവ മെനുവില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് വേണം ഇവ പാചകം ചെയ്ത് നല്‍കാന്‍ എന്നും ഉത്തരവ് വിശദമാക്കുന്നു. മെറ്റീരിയല്‍ കോസ്റ്റ് പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ പുതുക്കി നിശ്ചയിച്ചതായും ഉത്തരവ് വിശദമാക്കുന്നു. യഥാക്രമം 6 രൂപ, 8.17 രൂപ എന്നിങ്ങനെയാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. 500 കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് ഒരാളേയും 500ല്‍ കൂടുതല്‍ കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ 2 തൊഴിലാളികളേയും നിയമിക്കാവുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *