Hivision Channel

റേഷന്‍ മസ്റ്ററിംഗ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചെയ്യുന്നതിനായി മേരാ ഇ-കെവൈസി ഫെയ്‌സ് ആപ്പ് സജ്ജമായി

റേഷന്‍ മസ്റ്ററിംഗ് (e-KYC updation)മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചെയ്യുന്നതിനായി നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ വികസിപ്പിച്ചെടുത്ത മേരാ ഇ-കെവൈസി ഫെയ്‌സ് ആപ്പ് സജ്ജമായി. ഈ ആപ്പ് മുഖേന റേഷന്‍ മസ്റ്ററിംഗ് ആദ്യമായി നടത്തുന്ന സംസ്ഥാനമാണ് കേരളം. ഇതിലേക്കായി ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും Aadhaar Face RD, Mera eKYC എന്നീ രണ്ട് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക.

മേരാ ഇ-കെവൈസി ആപ്പ് ഓപ്പണ്‍ ചെയ്ത് സംസ്ഥാനം തിരഞ്ഞെടുത്ത് ആധാര്‍ നമ്പര്‍ എന്റര്‍ ചെയ്യുക. തുടര്‍ന്ന് ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണില്‍ ലഭിക്കുന്ന ഒടിപി നല്‍കി ഫെയ്‌സ് കാപ്ച്ചര്‍ വഴി മസ്റ്ററിംഗ് പൂര്‍ത്തിയാക്കാം. മേരാ ഇ-കെവൈസി ആപ് ഉപയോഗിച്ച് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂര്‍ണ്ണമായും സൗജന്യമായി മസ്റ്ററിംഗ് ചെയ്യും.

മസ്റ്ററിംഗ് ഇതുവരെ ചെയ്യാത്ത ഗുണഭോക്താക്കള്‍ക്ക് ഈ സേവനം താലൂക്ക് സപ്ലൈ ഓഫീസ് മുഖാന്തിരം സൗജന്യമായി ലഭിക്കും. ഇതിനായി താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടണം. മറ്റേതെങ്കിലും സ്ഥാപനമോ വ്യക്തികളോ ഫീസ് ഈടാക്കി റേഷന്‍ മസ്റ്ററിംഗ് നടത്തുന്നപക്ഷം വിവരം താലുക്ക് സപ്ലൈ ഓഫീസിലോ ജില്ലാ സപ്ലൈ ഓഫിസിലോ സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റിലോ അറിയിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃ കമ്മീഷണര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *