മണ്ഡലകാല തീര്‍ത്ഥാടനം കഴിഞ്ഞ് ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്ര നടയടച്ച ശേഷം പമ്പ മുതല്‍ സന്നിധാനം വരെയുള്ള ലൈനുകളും ട്രാന്‍സ്‌ഫോര്‍മറുകളും പരിശോധിച്ച് അറ്റകുറ്റപ്പണികള്‍ നടത്തി മുടക്കം വരാതെ വൈദ്യുതി നല്‍കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് കെ.എസ്.ഇ.ബി.
ഡിസംബര്‍ 29ന് അറ്റകുറ്റപ്പണികളെല്ലാം പൂര്‍ത്തിയാക്കും. ഡിസംബര്‍ 30ന് വൈകിട്ട് 5 മണിക്ക് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും. പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ കെ.എസ്.ഇ.ബി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. മുപ്പത്തിയെട്ട് ട്രാന്‍സ്‌ഫോര്‍മറുകളാണ് മേഖലയിലുള്ളത്. നല്‍പ്പത്തിലധികം വരുന്ന ജീവനക്കാരുടെ സേവനമുറപ്പാക്കി ജോലികള്‍ കൃത്യമായി ചാര്‍ട്ട് ചെയ്താണ് മുന്നോട്ട് പോകുന്നത്.
അതേസമയം 1 ദിവസം നീണ്ടുനിന്ന മണ്ഡലമഹോത്സവത്തിന് സന്നിധാനം സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ നാല്‍പ്പത്തിയേഴായിരത്തോളം പേര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചതായി മെഡിക്കല്‍ ഓഫീസര്‍ ഡോ മനേഷ് കുമാര്‍ അറിയിച്ചു.
മല കയറി വരുന്ന അയ്യപ്പന്മാര്‍ പേശി വലിവ്, പനി, ചുമ, കഫക്കെട്ട് തുടങ്ങിയ പ്രശ്‌നങ്ങളുമായാണ് ആയുര്‍വേദ ആശുപത്രിയിലെത്തുന്നത്. പേശിവലിവുമായി എത്തുന്നവര്‍ക്ക് അഭ്യംഗമുള്‍പ്പെടെ പലവിധ ആയുര്‍വേദ ചികിത്സകള്‍ ഇവിടെ ചെയ്തുവരുന്നുണ്ട്. കഫക്കെട്ടുള്ളവര്‍ക്ക് സ്റ്റീമിങ്, നസ്യം തുടങ്ങിയ ചികിത്സകള്‍ നല്‍കുന്നു.
മകരവിളക്ക് മഹോത്സവ ദിനങ്ങളിലേക്ക് ആയുര്‍വേദ ആശുപത്രി കൂടുതല്‍ മരുന്നുകള്‍ സംഭരിക്കുന്നുണ്ടെന്നും പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള മരുന്ന് വിതരണമാണ് ആശുപത്രി പിന്‍തുടരുന്നതെന്നും പ്ലാസ്റ്റിക് പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ടെന്നും ഡോ മനേഷ് കുമാര്‍ പറഞ്ഞു. ഔഷധിയാണ് മരുന്നുകള്‍ നല്‍കുന്നത്. ഐ.എസ്.എം ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും നാഷണല്‍ ആയുഷ് മിഷനില്‍ നിന്നും കൂടുതല്‍ ജീവനക്കാര്‍ വരും ദിനങ്ങളില്‍ സന്നിധാനത്ത് എത്തിച്ചേരും.