Hivision Channel

ദേശീയപാതയ്ക്കായി കുന്നിടിക്കല്‍; ചേളന്നൂരില്‍ പ്രതിഷേധം രൂക്ഷം, സ്ത്രീകളെ ചവിട്ടിയെന്ന് പരാതി

ദേശീയപാതയ്ക്കായി മണ്ണെടുക്കാൻ കുന്നിടിച്ചതിനെ ചൊല്ലി ചേളന്നൂരില്‍ വൻ പ്രതിഷേധം. പോഴിക്കാവ് കുന്നിടിച്ച് മണ്ണെടുക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് പോലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പോലീസ് നാട്ടുകാരെ പറഞ്ഞു മനസിലാക്കുവാന്‍ ശ്രമിച്ചുവെങ്കിലും സംഘർഷത്തിലാണ് സംഭവം കലാശിച്ചത്.

നാട്ടുകാര്‍ ജനകീയ സമരസമിതി രൂപീകരിച്ചാണ് പ്രതിഷേധം നടത്തുന്നത്. സ്ത്രീകളടക്കമുള്ളവര്‍ പ്രതിഷേധത്തിന്റെ ഭാഗമാണ്. മണ്ണെടുക്കാനെത്തിയ ലോറിയും പ്രതിഷേധക്കാര്‍ തടഞ്ഞു. ദേശീയപാതയുടെ നിര്‍മ്മാണത്തിന് ചേളന്നൂരില്‍ നിന്നാണ് മണ്ണ് ശേഖരിച്ചുകൊണ്ടുപോകുന്നത്. മുന്‍പും പ്രശ്‌നമുണ്ടായതിനെത്തുടര്‍ന്ന് കളക്ടര്‍ ഇടപെട്ട് താത്ക്കാലിക പരിഹാരമുണ്ടാക്കിയിരുന്നു സംഘര്‍ഷാവസ്ഥയായതോടെ പോലീസ് ലാത്തിവീശി.

ലോറി തടഞ്ഞ് റോഡില്‍ സമരം തടത്തിയതിന് വാര്‍ഡ് മെമ്പറെ പോലീസ് വലിച്ചിഴച്ചത് സംഘര്‍ഷം രൂക്ഷമാക്കി. പോലീസ് പ്രതിഷേധക്കാരോട് ക്രൂരമായാണ് പെരുമാറിയത്.സ്ത്രീകളെയടക്കം പോലീസ് ബലപ്രയോഗത്തിലൂടെയാണ് സ്ഥലത്തുനിന്നും മാറ്റിയത്. സ്ത്രീകളെയടക്കം പോലീസ് ചവുട്ടിയെന്നും പരാതിയുണ്ട്.

അപകടകരമായ രീതിയില്‍ കുന്നിടിച്ച് മണ്ണെടുപ്പ് നടത്തിയ ഭാഗത്ത് ഭാവിയില്‍ മണ്ണിടിച്ചില്‍ തടയാന്‍ ജിയോളജിസ്റ്റ് നിര്‍ദേശിച്ച രീതിയിലുള്ള പരിഹാരമാര്‍ഗങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് വീണ്ടും മണ്ണെടുക്കാന്‍ തുടങ്ങിയത്. അനുവദനീയമായ അളവിലും കൂടുതല്‍ ഉയരത്തില്‍ മണ്ണ് ദേശീയപാത നിര്‍മാണത്തിനായി ഇവിടെനിന്നും മാറ്റിക്കഴിഞ്ഞിട്ടുണ്ട് എന്നാണ് നാട്ടുകാരുടെ ആരോപണം.

തട്ടുതട്ടായി തിരിച്ച് സുരക്ഷയൊരുക്കാനുള്ള നിര്‍ദേശങ്ങളെല്ലാം മറികടന്നാണ് മണ്ണെടുക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നത്. തട്ടുകളാക്കി തിരിക്കാന്‍ വേണ്ടിയാണ് വീണ്ടും മണ്ണെടുക്കുന്നതെന്ന വാദം അംഗീകരിക്കാനാവില്ലെന്നും പറഞ്ഞാണ് മണ്ണെടുപ്പിനുനേരേ ജനകീയസമിതിയുടെ സമരം തുടരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *