
ചെമ്പേരി: ഒറോത ഫെസ്റ്റ് മലയോര കാര്‍ഷിക, വിദ്യാഭ്യാസ സാംസ്‌കാരിക മേളയ്ക്ക് ഇന്ന് തിരി തെളിയും. വൈകുന്നേരം 6 ന് സജീവ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് മാര്‍ ജോര്‍ജ് ഞറളക്കാട്ട് അധ്യക്ഷത വഹിക്കും. ചെമ്പേരി ലൂര്‍ദ് മാതാ ബസിലിക്ക റെക്ടര്‍ റവ.ഡോ.ജോര്‍ജ് കാഞ്ഞിരക്കാട്ട്, ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ.കെ.വി.ഫിലോമിന, നടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപളളില്‍, പയ്യാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യര്‍, ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി, വാര്‍ഡ് മെമ്പര്‍ മോഹനന്‍ മൂത്തേടന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും. പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ കാര്‍ഷിക പ്രദര്‍ശനം, വിള മത്സരം, പുരാവസ്തു പ്രദര്‍ശനം, റോബോട്ടിക് സൂ, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫുഡ് കോര്‍ട്ട്, നിരവധി സ്റ്റാളുകള്‍ എന്നിവയുണ്ടാകും. ലൂര്‍ദ് മാതാ ബസിലിക്ക തിരുനാളും ഇതേ ദിവസങ്ങളിലാണ് നടക്കുന്നത്.
ഒറോത ഫെസ്റ്റ് പ്രചാരണാര്‍ത്ഥം സഘടിപ്പിച്ച കൂട്ടയോട്ടം പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ ചെമ്പേരി ടൗണില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. കൂട്ടയോട്ടത്തില്‍ പങ്കെടുത്തവരെ ആവേശഭരിതരാക്കിക്കൊണ്ട് പ്രദര്‍ശന നഗരി വരെ എംഎല്‍എമാരായ ചാണ്ടി ഉമ്മനും സജീവ് ജോസഫും ഓടി.തുടര്‍ന്ന് പ്രദര്‍ശന നഗരിയില്‍ ഒറോത ഫെസ്റ്റിന്റെ എംബ്ലം ആലേഖനം ചെയ്ത പതാക ഉയര്‍ത്തി. ബസിലിക്ക തിരുനാളും ഒറോത ഫെസ്റ്റും ചെമ്പേരിയെ കൂടുതല്‍ ചലനാത്മകമാക്കട്ടെയെന്ന് ചാണ്ടി ഉമ്മന്‍ ആശംസിച്ചു. സജീവ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ലൂര്‍ദ് മാതാ ബസിലിക്ക റെക്ടര്‍ റവ.ഡോ.ജോര്‍ജ് കാഞ്ഞിരക്കാട്ട് അനുഗ്രഹഭാഷണം നടത്തി. വൈഎംസിഎ പ്രസിഡന്റ് ജോമി ജോസ് ചാലില്‍, ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി, ജനറല്‍ കണ്‍വീനര്‍ ഷാജി വര്‍ഗീസ്, ആന്റണി മായയില്‍, സി.ഡി.സജീവ്, എം.ജെ.ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.