
കൊച്ചി: മുനമ്പത്തെ ജനങ്ങള്‍ക്ക് റവന്യൂ അവകാശം തിരികെ ലഭിക്കുന്നത് വരെ ബിജെപി ഒപ്പം നില്‍ക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വഖഫ് നിയമ ഭേദഗതിയെ എതിര്‍ത്ത എംപിമാരുടെ നയം പ്രീണന രാഷ്ട്രീയമെന്ന് അദ്ദേഹം വിമര്‍ശിച്ചു. എസ്എഫ്‌ഐഒ വീണയെ പ്രതിയാക്കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട അദ്ദേഹം. ഗോകുലത്തിലെ റെയ്ഡ് രാഷ്ട്രീയപ്രേരിതമല്ല. ജബല്‍പൂരിലെ ആക്രമണത്തിന് പിന്നില്‍ ക്രിമിനലുകളാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യ ചരിത്രത്തിലെ നാഴികക്കല്ലാണ് വഖഫ് ഭേദഗതി ബില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേരളത്തിലെ ജനപ്രതിനിധികള്‍ അവഗണിച്ച മുനമ്പം സമരത്തിന്റെ അനുരണനങ്ങള്‍ ദില്ലിയിലെത്തി. അതിന്റെ അടിസ്ഥാനത്തിലുള്ള നിയമ ഭേദഗതി ജനാധിപത്യത്തിന്റെ ശക്തിയാണ് തെളിയിക്കുന്നത്. പ്രീണന രാഷ്ട്രീയത്തെ പിന്തുണയ്ക്കാനാണ് കേരളത്തിലെ എം പി മാര്‍ ശ്രമിച്ചതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം മുനമ്പത്തെ ജനങ്ങള്‍ക്ക് അവരുടെ റവന്യു അവകാശങ്ങള്‍ കിട്ടുമെന്നും പറഞ്ഞു.
നാണമില്ലാത്ത നുണ പറയുകയാണ് ഇന്‍ഡി സഖ്യ എം പിമാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്നുള്ള പ്രതിപക്ഷ എംപിമാര്‍ അവരുടെ ഉത്തരവാദിത്വങ്ങള്‍ മറന്നു. മുനമ്പത്തെ ജനങ്ങള്‍ക്ക് അവരുടെ റവന്യു അവകാശങ്ങള്‍ കിട്ടും വരെ ബിജെപി കൂടെയുണ്ടാകും. മുനമ്പത്തിന്റെ റവന്യു അവകാശം ലഭിക്കാന്‍ സമയ പരിധി പറയാന്‍ കഴിയുമോയെന്ന ചോദ്യത്തോട് കേരളത്തില്‍ ഒരു എന്‍ഡിഎ മുഖ്യമന്ത്രിയായിരുന്നെങ്കില്‍ കൃത്യമായ സമയം പറയാന്‍ തനിക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഇനിയും എന്തെങ്കിലും കുരുക്കിട്ടാല്‍ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.