
ഇന്ന് ലോക മാതൃദിനം. മാതൃത്വത്തേയും മാതാവിനേയും ആദരിക്കുന്ന ദിവസം. ലോകത്തിലെ പലഭാഗങ്ങളിലും മാതൃദിനം പല ദിവസങ്ങളിലായാണ് ആചരിക്കുന്നത്. മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് ഇന്ത്യയില്‍ മാതൃദിനം. അമ്മയോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കാന്‍ ഒരു ജന്‍മം മതിയാകില്ല.
എന്നാല്‍ തിരക്കേറിയ ജീവിതയാത്രയില്‍ അമ്മക്കായി മാറ്റിവക്കാനും സ്‌നേഹസമ്മാനങ്ങള്‍ നല്‍കാനും ഒരു ദിവസം. മാതൃദിനത്തിന്റെ ലക്ഷ്യം അതാണ്. അമേരിക്കയാണ് ലോകത്ത് ആദ്യമായി മാതൃദിനം ആചരിച്ചത്. പിന്നീട് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും മാതൃദിനം ആഘോഷിക്കാന്‍ തുടങ്ങി.
പെറ്റമ്മയോട് മാത്രമല്ല, സ്‌നേഹവാത്സല്യങ്ങളോടെ കരുതലോടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നവരേയും വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ അവര്‍ക്ക് കൂട്ടാകുന്നവരേയും മാതൃദിനത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. നമ്മുടെ ജീവിതത്തില്‍ അമ്മമാരുടെയും മുത്തശ്ശിമാരുടെയും സ്നേഹവും പരിചരണവും ത്യാഗവും തിരിച്ചറിഞ്ഞ് അവരെ ബഹുമാനിക്കാനും അഭിനന്ദിക്കാനും ഉള്ള ഒരു ദിവസമാണിത്.
എല്ലാ തെറ്റുകളും പൊറുത്ത്, ക്ഷമയോടെ താങ്ങും തണലുമായ മാതാപിതാക്കളെ തെരുവില്‍ ഉപേക്ഷിക്കുന്ന കാലത്ത് ഈ മാതൃദിനം ഒരു ഓര്‍പ്പെടുത്തല്‍ കൂടിയാണ്. വാര്‍ധക്യത്തിന്റെ നിസ്സഹായതയില്‍ മാതാപിതാക്കളം നമുക്ക് കരുതലോടെ പരിപാലിക്കാം. സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്താം.














