Hivision Channel

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്ന് ഒരു വയസ്

രാജ്യത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഇന്ന് ഒരു വയസ്. ഒരു നാടിനെയാകെ ഭൂപടത്തില്‍ നിന്ന് മായ്ച്ചുകളഞ്ഞ ദുരന്തത്തില്‍ 298 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക്. 400 ഓളം കുടുംബങ്ങളാണ് ദുരന്തത്തില്‍ ഒറ്റപ്പെട്ടത്.

പ്രതീക്ഷകളും സ്വപ്നങ്ങളുമായി ജുലൈ 29ന് കിടന്നുറങ്ങിയ നൂറുകണക്കിനാളുകള്‍ ഇരുട്ടിവെളുക്കുമ്പോഴേക്കും ഇല്ലാതായി. വയനാട്ടില്‍ രണ്ടുദിവസം തുടര്‍ച്ചയായി പെയ്ത മഴയെത്തുടര്‍ന്ന് ജുലൈ 29ന് പുഞ്ചിരിമട്ടം, അട്ടമല, മുണ്ടക്കൈ പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ജുലൈ 30ന് പുലര്‍ച്ചെ 1.40നാണ് ഉരുള്‍പൊട്ടലുണ്ടായത്. തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പുഞ്ചിരിമട്ടം, മുണ്ടക്കൈ ഗ്രാമങ്ങള്‍ ഒലിച്ചുപോയി.

രാവിലെ 4.10ന് ചുരല്‍മലയില്‍ രണ്ടാമത്തെ ഉരുള്‍പൊട്ടല്‍. മുണ്ടക്കൈപ്പുഴ വഴിമാറി ഒഴുകിയുണ്ടായ വെള്ളപ്പൊക്കത്തില്‍ പുഴയ്ക്കു കുറുകെയുണ്ടായിരുന്ന പാലം തകര്‍ന്നു. വെള്ളാര്‍മല ജിവിഎച്ച്എസ്എസ് സ്‌കൂളിന്റെ ഭൂരിഭാഗവും മണ്ണിനടിയിലായി. ഗതാഗതസംവിധാനങ്ങളെല്ലാം തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. മലവെള്ളപ്പാച്ചിലില്‍ ചാലിയാര്‍ പുഴയിലെത്തിയ മൃതദേഹങ്ങള്‍ കിലോമീറ്ററുകളോളം ഒഴുകിനടന്നു. ഉച്ചയ്ക്ക് 12:00മണിയോടെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ഇന്ത്യന്‍ സൈന്യം 24 മണിക്കൂര്‍ കൊണ്ട് ചൂരല്‍മലയേയും മുണ്ടക്കൈയേയും ബന്ധിപ്പിച്ചുകൊണ്ട് ബെയ്‌ലി പാലം നിര്‍മ്മിച്ചു.

സൈന്യത്തിനും ദുരന്തനിവാരണ അതോറിറ്റിക്കും പൊലിസിനും അഗ്‌നിരക്ഷാസേനയ്ക്കുമൊപ്പം യുവജന, സന്നദ്ധസംഘടനകളും ചേര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി. ഉറ്റവരെയും ഉടയവരെയും കാണാതെ മേപ്പാടി സര്‍ക്കാരാശുപത്രിയിലെത്തി മൃതദേഹങ്ങളുടെ കെട്ടഴിച്ചുനോക്കുന്നവരുടെ ദൃശ്യങ്ങള്‍ ഉള്ളുലയ്ക്കുന്നതായിരുന്നു. 400ഓളം കുടുംബങ്ങളാണ് ദുരന്തത്തില്‍ ഒറ്റപ്പെട്ടത്. തിരിച്ചറിഞ്ഞതും അല്ലാത്തതുമായി 190പേരുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. ദുരന്തത്തില്‍ 298 പേരുടെ മരണമാണ് ഔദ്യോഗികമായി സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. 128 പേര്‍ക്ക് പരിക്കേറ്റു. 435 വീടുകള്‍ തകര്‍ന്നു.

Leave a Comment

Your email address will not be published. Required fields are marked *