
തദ്ദേശസ്വയംഭരണ സ്ഥാപന പൊതു തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ വെബ് കാസ്റ്റിംഗ് നടക്കുന്ന പോളിംഗ് ബൂത്തുകളുടെ തത്സമയ നിരീക്ഷണത്തിന് കളക്ട്രേറ്റ് ഓഡിറ്റോറിയത്തില്‍ കണ്‍ട്രോള്‍ റൂം സജ്ജമാവുന്നു. 60 ലാപ്ടോപ്പുകളിലും ആറ് വലിയ സ്‌ക്രീനുകളിലും ബൂത്തുകളില്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ സദാസമയവും നിരീക്ഷിക്കുന്നതിനുള്ള സംവിധാനമാണ് സജ്ജമാക്കുക. ഇതിനായി 153 ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല നല്‍കിയത്. ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകളിലാണ് വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക.
തിരഞ്ഞെടുപ്പ് ദിനമായ 11ന് രാവിലെ മോക് പോള്‍ മുതല്‍ ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് ആരംഭിക്കും. കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം രാവിലെ 5.30 ന് തുടങ്ങും. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ ഈ ബൂത്തുകളുടെ ദൃശ്യങ്ങള്‍ നിരന്തര നിരീക്ഷണത്തിലായിരിക്കും.
കണ്‍ട്രോള്‍ റൂമില്‍ സജ്ജമാക്കിയ ലാപ്ടോപ്പുകളില്‍ ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിന് 60 ഉദ്യോഗസ്ഥരുണ്ടാവും. 10 പേര്‍ക്ക് ഒരാളെന്ന നിലയില്‍ ആറ് സൂപ്പര്‍വൈസര്‍ ചാര്‍ജ് ഓഫീസര്‍മാര്‍, സാങ്കേതിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ വിപുലമായ സംവിധാനമാണ് കണ്‍ട്രോള്‍ റൂമില്‍ ഉണ്ടാവുക. ഒരു കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ 18 ബൂത്തുകളുടെ ദൃശ്യങ്ങള്‍ നിരീക്ഷിക്കാനുള്ള സജ്ജീകരണമുണ്ട്. കണ്‍ട്രോള്‍ റൂം സംവിധാനങ്ങള്‍ സജ്ജമാക്കുന്നത് വെബ്കാസ്റ്റിംഗ് ചുമതലയുള്ള നോഡല്‍ ഓഫീസര്‍ പി.ബിന്ദു, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ടോമി തോമസ് എന്നിവരുടെ മേല്‍നോട്ടത്തിലാണ്. വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തിയ പോളിങ് ബൂത്തുകളില്‍ തടസ്സമില്ലാതെ വൈദ്യുതി, നെറ്റ് കണക്ഷന്‍ എന്നിവക്കായി ബി.എസ്.എന്‍.എല്‍, കെ.എസ്.ഇ.ബി ജീവനക്കാരെയും ചുമതലപ്പെടുത്തി.
കണ്‍ട്രോള്‍ റൂമിന്റെ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായ ശേഷം വോട്ടെടുപ്പ് തലേദിവസം ഡിസംബര്‍ 10ന് ട്രയല്‍ നടത്തി കൃത്യത ഉറപ്പുവരുത്തുമെന്ന് നോഡല്‍ ഓഫീസര്‍ പി. ബിന്ദു അറിയിച്ചു.














