Hivision Channel

തിരഞ്ഞെടുപ്പ് ആരവമില്ലാതെ മട്ടന്നൂരും കണ്ണൂര്‍ കന്റോണ്‍മെന്റും

മട്ടന്നൂര്‍:സംസ്ഥാനം തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആവേശ കൊടുമുടിയേറുമ്പോള്‍ ചിത്രത്തിലില്ലാതെ രണ്ടിടങ്ങളായി മട്ടന്നൂര്‍ നഗരസഭയും കണ്ണൂര്‍ കന്റോണ്‍മെന്റും. ഭരണസമിതിയുടെ കാലാവധി തികയ്ക്കാന്‍ രണ്ടുവര്‍ഷം ശേഷിക്കുന്നതാണ് മട്ടന്നൂര്‍ നഗരസഭയെ വേറിട്ട് നിര്‍ത്തുന്നതെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ഇല്ലാത്തതാണ് കണ്ണൂര്‍ കന്റോണ്‍മെന്റിന്റെ പ്രത്യേകത.

അയലത്തേക്ക് കണ്ണുംനട്ട് മട്ടന്നൂര്‍

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോള്‍ സമീപ തദ്ദേശസ്ഥാനങ്ങളിലേക്ക് കണ്ണുനട്ട് നില്‍പാണ് മട്ടന്നൂര്‍ നഗരസഭ. കണ്ണൂര്‍ ജില്ല ഡിസംബര്‍ 11ന് പോളിംഗ് ബൂത്തിലേക്ക് പോവുമ്പോള്‍ മട്ടന്നൂര്‍ തദ്ദേശ തിരഞ്ഞെടുപ്പിനായി ഇനിയും കാത്തിരിക്കണം. രണ്ടു വര്‍ഷത്തിന് ശേഷം എത്തുന്ന തിരഞ്ഞെടുപ്പിനായുള്ള കോപ്പുകൂട്ടലാവും പിന്നീട്. 2022 ല്‍ തിരഞ്ഞെടുപ്പിലൂടെ മട്ടന്നൂര്‍ നഗരസഭയില്‍ അധികാരത്തിലെത്തിയ ഭരണസമിതിക്ക് ഇനി 2027 സെപ്റ്റംബര്‍ വരെ കാലാവധിയുണ്ട്. ഇതാണ് മട്ടന്നൂരിനെ 2025ലെ തദ്ദേശതിരഞ്ഞെടുപ്പ് ചിത്രത്തില്‍ വേറിട്ടു നിര്‍ത്തുന്നത്.

1990 മുതല്‍ വര്‍ഷങ്ങളോളം നീണ്ടു നിന്ന നിയമപ്രശ്നത്തിന്റെ തുടര്‍ച്ചയാണ് മട്ടന്നൂരിനെ തുടര്‍ന്നിങ്ങോട്ട് വ്യത്യസ്തമാക്കുന്നത്. 1990ല്‍ ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് മട്ടന്നൂര്‍ പഞ്ചായത്തിനെ നഗരസഭയാക്കിയത്. 1991ല്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ മട്ടന്നൂരിനെ വീണ്ടും പഞ്ചായത്താക്കി. അതിനെതിരെ എല്‍ഡിഎഫ് നിയമവഴിക്കിറങ്ങി. 1997ല്‍ ഇ.കെ നായനാര്‍ സര്‍ക്കാര്‍ തിരിച്ചെത്തിയപ്പോള്‍ മുന്‍കാല പ്രാബല്യത്തോടെ മട്ടന്നൂരിനെ വീണ്ടും നഗരസഭയാക്കി ഉത്തരവിറക്കി. മറ്റിടങ്ങളിലെല്ലാം 1995ല്‍ തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ നിയമക്കുരുക്കില്‍പെട്ട മട്ടന്നൂരില്‍ 1997ലാണ് തിരഞ്ഞെടുപ്പ് നടത്താനായത്. ഇതിന്റെ തുടര്‍ച്ചയായി നാടെങ്ങും തിരഞ്ഞെടുപ്പ് ചൂടിലായിരിക്കുമ്പോള്‍ മട്ടന്നൂര്‍ പുറമേ ശാന്തമായിരിക്കും. രണ്ടുവര്‍ഷം കഴിഞ്ഞു വരുന്ന തദ്ദേശ തിരഞ്ഞെടുപ്പെന്ന ജനാധിപത്യത്തിന്റെ ആഘോഷത്തിനായി. തിരഞ്ഞെടുപ്പില്ലെങ്കിലും മട്ടന്നൂരിലെ നേതാക്കളും പ്രവര്‍ത്തകരും അടുത്തുള്ള തദ്ദേശസ്ഥാപനങ്ങളില്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

2025 ലെ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം 35 ഡിവിഷനുകളാണ് മട്ടന്നൂര്‍ നഗരസഭയില്‍ ഉള്ളത്. ഇവയിലേക്ക് 2027 ല്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സംസ്ഥാനത്തിന്റെ ശ്രദ്ധാകേന്ദ്രം മട്ടന്നൂരാകും.

തലങ്ങും വിലങ്ങും അനൗണ്‍സ്‌മെന്റ് വാഹനങ്ങളില്ല. വീടുകയറിയിറങ്ങുന്ന സ്ഥാനാര്‍ഥികളില്ല. തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളുടെ കാഴ്ചകളില്ല. ഭൂമിശാസ്ത്രപരമായി കണ്ണൂര്‍ കോര്‍പ്പറേഷനിലാണ്. പക്ഷെ ഭരണം കന്റോണ്‍മെന്റ് ബോര്‍ഡിനാണ്. ഇത് കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ കീഴില്‍ കേരളത്തിലെ ഏക കന്റോണ്‍മെന്റായ കണ്ണൂര്‍.
പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും കന്റോണ്‍മെന്റ് നിവാസികള്‍ക്ക് വോട്ടുചെയ്യാമെങ്കിലും കണ്ണൂര്‍ കോര്‍പ്പറേഷന് നടുവില്‍ സ്ഥിതി ചെയ്യുന്ന കന്റോണ്‍മെന്റ് നിവാസികള്‍ക്ക് തദ്ദേശ തിരഞ്ഞടുപ്പില്‍ വോട്ടു ചെയ്യാനാവില്ല. പകരം കന്റോണ്‍മെന്റ് ബോര്‍ഡിലേക്ക് പ്രത്യേകമായി അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാം. 2011 കാനേഷുമാരി പ്രകാരം 4798 ആണ് കണ്ണൂര്‍ കന്റോണ്‍മെന്റിലെ ജനസംഖ്യ. ഇതില്‍ 1867 പേരാണ് സാധാരണ പൗരന്മാരായുള്ളത്. ശേഷിക്കുന്നവര്‍ സൈനിക ഉദ്യോഗസ്ഥരാണ്.

കണ്ണൂര്‍ കന്റോണ്‍മെന്റ് പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ആറ് ഇലക്ടറല്‍ വാര്‍ഡുകള്‍ നിലവിലുണ്ട്. ഈ വാര്‍ഡുകളില്‍ നിന്നുള്ള ജനപ്രതിനിധികള്‍ക്കായുള്ള തിരഞ്ഞെടുപ്പില്‍ കന്റോണ്‍മെന്റ് നിവാസികളായ പൗരന്മാര്‍ക്ക് വോട്ട് ചെയ്യാം. തെരഞ്ഞെടുക്കുന്ന ആറു ജനപ്രതിനിധികളും ആറു പട്ടാള ഉദ്യോഗസ്ഥരുമടങ്ങുന്നതാണ് കന്റോണ്‍മെന്റ്റ് ബോര്‍ഡ്. ബോര്‍ഡിന്റെ പ്രസിഡന്റ് മിലിട്ടറി കമാന്‍ഡന്റ് ആയിരിക്കും. ബോര്‍ഡ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളില്‍ ഒരാളായിരിക്കും. സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍വ്വഹിക്കുന്ന എല്ലാ ചുമതലകളും സേവനങ്ങളും കന്റോണ്‍മെന്റുകളിലുമുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാറുമായി കന്റോണ്‍മെന്റുകള്‍ക്ക് നേരിട്ട് ബന്ധമില്ല. കന്റോണ്‍മെന്റ് പ്രദേശത്തെ ജനങ്ങളില്‍ നിന്നും ലഭിക്കുന്ന വസ്തുനികുതിയും തൊഴില്‍ നികുതിയും കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന ഗ്രാന്റുകളുമൊക്കെയാണ് പ്രധാന വരുമാന സ്രോതസ്സ്.

2015 ലാണ് കന്റോണ്‍മെന്റുകളിലേക്ക് അവസാനമായി തെരഞ്ഞടുപ്പു നടന്നത്. 2020ല്‍ കാലാവധി പൂര്‍ത്തിയായ ബോര്‍ഡിന് ഒരു വര്‍ഷം കൂടി കാലാവധി നല്‍കിയിരുന്നു. 2021 ല്‍ കാലാവധി കഴിഞ്ഞെങ്കിലും അതിനു ശേഷം തെരഞ്ഞെടുത്ത ഭരണസമിതി ഉണ്ടായിട്ടില്ല. 2023ല്‍ കന്റോണ്‍മെന്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നുവെങ്കിലും പിന്നീട് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ച് ഉത്തരവിടുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *