
തിരുവനന്തപുരം വെള്ളറടയില്‍ രോഗിയായ യുവതിയെ വഴിയില്‍ ഇറക്കിവിട്ട കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍ക്കെതിരെ നടപടി. എംപാനല്‍ ജീവനക്കാരനായ സി അനില്‍കുമാറിനെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തി.ഗൂഗിള്‍ പേ വഴി പണം നല്‍കിയത് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്
ഇറക്കിവിട്ടത്. വെള്ളറട സ്വദേശി ദിവ്യയാണ് പരാതിക്കാരി.
കഴിഞ്ഞ 26 ന് രാത്രി ആയിരുന്നു വെള്ളറട സ്വദേശിയായ ദിവ്യയെ കണ്ടക്ടര്‍ ബസ്സില്‍ നിന്നിറക്കിവിട്ടത്. കണ്ടക്ടര്‍ മോശമായി പെരുമാറിയെന്നതടക്കം കാണിച്ച് ഡിപ്പോ അധികൃതര്‍ക്ക് പിറ്റേന്ന് രാവിലെ തന്നെ ദിവ്യ പരാതി നല്‍കിയിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവം കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.
കുന്നത്തുകാലിലെ സ്വകാര്യ ആശുപത്രി ലാബ് ടെക്‌നീഷ്യയായ താന്‍ 26 ന് രാത്രി 8 .45 നാണ് കൂനമ്പനയില്‍ നിന്ന് ബസ് കയറിയത്. പേഴ്‌സ് എടുക്കാന്‍ വിട്ടുപോയതിനാല്‍ ഗൂഗിള്‍ പേ വഴി പണം നല്‍കാന്‍ ശ്രമിച്ചു. സര്‍വര്‍ ബിസി ആയതിനാല്‍ ആ ശ്രമം പരാജയപ്പെട്ടു. കുറച്ച് ദൂരം മാറിയാല്‍ നെറ്റ് വര്‍ക്ക് പ്രശ്‌നം മാറുമെന്നും ഇല്ലെങ്കില്‍ തന്നെ കാത്തുനില്‍ക്കുന്ന ഭര്‍ത്താവ് ബസ് വെള്ളറടയില്‍ എത്തിയാല്‍ ഉടന്‍ പണം നല്‍കുമെന്ന് പറഞ്ഞെങ്കിലും കണ്ടക്ടര്‍ കേട്ടില്ല. മറ്റുള്ളവരുടെ മുന്നില്‍വെച്ച് അപമാനിച്ചു. വളരെ മോശമായി പെരുമാറി. തുടര്‍ന്ന് കാരക്കോണത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിടുകയും ചെയ്തുവെന്നാണ് ദിവ്യയുടെ പരാതി.














