Hivision Channel

മൊബൈല്‍ ഉത്പാദനത്തില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഇന്ത്യ

മൊബൈല്‍ ഉത്പാദനത്തില്‍ ആഗോളതലത്തില്‍ രണ്ടാം സ്ഥാനം കൈവരിച്ച് ഇന്ത്യ. കേന്ദ്ര ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം തന്റെ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ഇലക്ട്രോണിക്ക് ഉത്പാദന കേന്ദ്രമാക്കി രാജ്യത്തിനെ മാറ്റുന്നതില്‍ ഇതൊരു നിര്‍ണായക നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു

2014 2015 സാമ്പത്തിക വര്‍ഷത്തില്‍ വെറും രണ്ട് മൊബൈല്‍ നിര്‍മാണ യൂണിറ്റുകള്‍ ആയിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ 300 എണ്ണമായി ഉയര്‍ന്നിട്ടുണ്ട്. പതിനൊന്ന് വര്‍ഷത്തിനിടെ രാജ്യത്തിന്റെ ഇലക്ട്രോണിക് കയറ്റുമതി എട്ട് മടങ്ങ് വര്‍ദ്ധിച്ചതായും അശ്വിനി വൈഷ്ണവ് പറയുന്നു. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ ഇലക്ട്രോണിക്‌സ് വ്യവസായത്തിലെ മൊത്തം ഉത്പാദനം ഏകദേശം 9.8 ലക്ഷം കോടി രൂപയാകുമെന്നും ഇത് നിര്‍മ്മാണം, തൊഴില്‍ , എക്‌സ്‌പോര്‍ട്ടിംഗ് എന്നീ മേഖലകളെ സുഗമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ വമ്പന്മാരായ ആപ്പിളും സാംസങും അവരുടെ നിര്‍മ്മാണം ഇന്ത്യയില്‍ സജീവമാക്കിയത് ഈ നിര്‍ണായക നേട്ടം കൈവരിക്കുന്നതിന് വലിയ പങ്ക്വഹിച്ചിട്ടുണ്ട്. ആഭ്യന്തര വിപണിയിലെത്തുന്ന മൊബൈല്‍ ഫോണുകളില്‍ 99 ശതമാനവും ഇന്ത്യയില്‍ നിന്നാണ് അസംബിള്‍ ചെയ്തെത്തിക്കുന്നത്. ലാര്‍ജ്-സ്‌കെയില്‍ ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തിനായുള്ള പിഎല്‍ഐ പദ്ധതി 13,475 കോടിയിലധികം നിക്ഷേപം കൊണ്ടുവന്നിട്ടുണ്ടെന്നും ഇതിനായി ഈ സാമ്പത്തിക പ്രോത്സാഹന പദ്ധതി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് വ്യവസായം ഏഴാം സ്ഥാനത്ത് നിന്ന് മൂന്നാമത്തെ വലിയ കയറ്റുമതി വിഭാഗത്തിലേക്ക് മാറിയെന്നും അങ്ങനെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.3 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു.

Leave a Comment

Your email address will not be published. Required fields are marked *