
ആലപ്പുഴ ചെങ്ങന്നൂരില്‍ എബിവിപി പ്രവര്‍ത്തകനായിരുന്ന വിശാലിനെ കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെവിട്ടു. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് 19 പ്രതികളെ വെറുതെ വിട്ടത്. ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. 2012 ജൂലൈ പതിനാറിന് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ സംഘടനാ പ്രവര്‍ത്തനത്തിന് എത്തിയ വിശാലിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.
ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. വിചാരണവേളയില്‍ സാക്ഷികളായ കെഎസ്യു, എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂറുമാറിയിരുന്നു. 13 വര്‍ഷക്കാലം നീണ്ടു നിന്ന വിചാരണക്കൊടുവിലാണ് കേസില്‍ വിധി വന്നിരിക്കുന്നത്. 12 പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. 20 പ്രതികളുള്ള കേസില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. 19 പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.
നിരാശകരമായ വിധിയാണ് വന്നിരിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. കോടതി മുമ്പാകെ ഹാജരാക്കിയ തെളിവുകള്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നാണ് കോടതി വിധി. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.














