Hivision Channel

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുറോഡുകളില്‍ ചിഹ്നങ്ങള്‍, അടയാളങ്ങള്‍, എഴുത്തുകള്‍, പോസ്റ്ററുകള്‍ പാടില്ല

2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുറോഡുകളില്‍ ചിഹ്നങ്ങള്‍, അടയാളങ്ങള്‍, എഴുത്തുകള്‍, വസ്തുക്കള്‍ തറയ്ക്കല്‍, പോസ്റ്ററുകള്‍ പതിപ്പിക്കല്‍ തുടങ്ങി എല്ലാത്തരം പ്രവൃത്തികളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളും വിട്ടുനില്‍ക്കണമെന്നും അത്തരം പ്രവൃത്തികള്‍ ശ്രദ്ധയില്‍പെടുന്ന പക്ഷം വരണാധികാരിയോ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറോ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശിച്ചു. മാതൃകാ പെരുമാറ്റച്ചട്ട പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം.
തിരഞ്ഞെടുപ്പ് സമയത്ത് റോഡുകളില്‍ ചിഹ്നങ്ങള്‍ വരച്ച് വൃത്തികേടാക്കുന്നത് പതിവായി കാണാറുള്ളതാണെന്നും റോഡ് ഗതാഗതത്തിനും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഇക്കാര്യത്തില്‍ നിരുത്തരവാദിത്തപരമായ സമീപനമാണ് പലപ്പോഴും ഉണ്ടാകുന്നതെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സര്‍ക്കുലറില്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് മാതൃകാപരമായി നടത്തുന്നതിന് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെയും സംവിധാനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊതുജനങ്ങളുടെയും സഹകരണവും അത്യാവശ്യമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ചൂണ്ടിക്കാട്ടി.

മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ പറയുന്നത്

മാതൃകാ പെരുമാറ്റച്ചട്ട പ്രകാരം സര്‍ക്കാര്‍ കെട്ടിടങ്ങള്‍ അല്ലെങ്കില്‍ അവയുടെ പരിസരങ്ങളില്‍ (സിവില്‍ നിര്‍മ്മിതികള്‍ ഉള്‍പ്പെടെ) ചുവരെഴുതുന്നത്, പോസ്റ്ററുകളോ പേപ്പറുകളോ പതിക്കുന്നത്, മറ്റേതെങ്കിലും തരത്തില്‍ വികൃതമാക്കുന്നത്, കട്ടൗട്ടുകള്‍, ഹോര്‍ഡിങ്ങുകള്‍, ബാനറുകള്‍, കൊടികള്‍ എന്നിവ സ്ഥാപിക്കുന്നത്, പ്രദര്‍ശിപ്പിക്കുന്നത് എന്നിവ അനുവദനീയമല്ല.
റെയില്‍വേ സ്റ്റേഷനുകള്‍, സര്‍ക്കാര്‍ ഡിസ്‌പെന്‍സറികള്‍/ആശുപത്രികള്‍, പോസ്റ്റ് ഓഫീസ്, ബസ് സ്റ്റാന്‍ഡ്, വിമാനത്താവളം, പാലങ്ങള്‍, റെയില്‍വേ മേല്‍പ്പാലങ്ങള്‍, റോഡുകള്‍ സര്‍ക്കാര്‍ ബസുകള്‍, സര്‍ക്കാര്‍/പൊതുകെട്ടിടങ്ങളുടെ പരിസരം, സിവില്‍ നിര്‍മ്മിതികള്‍, ഇലക്ട്രിക്ക്/ ടെലിഫോണ്‍ പോസ്റ്റുകള്‍ മുന്‍സിപ്പല്‍/ തദ്ദേശസ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളോ പൊതു സ്വത്തുക്കളോ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ തിരഞ്ഞെടുപ്പ് കാലവളവില്‍ പ്രചാരണത്തിന്റെ ഭാഗമായി ചുവരെഴുത്ത് നടത്തുന്നതോ പോസ്റ്ററുകളോ പേപ്പറുകളോ പതിപ്പിക്കുന്നതോ മറ്റേതെങ്കിലും തരത്തില്‍ വികൃതമാക്കുന്നതോ അല്ലെങ്കില്‍ കട്ടൗട്ടുകള്‍, ഹോര്‍ഡിംഗുകള്‍, ബാനറുകള്‍, കൊടികള്‍ തുടങ്ങിയവ സ്ഥാപിക്കുന്നതോ പ്രദര്‍ശിപ്പിക്കുന്നതോ അനുവദിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോ അസോസിയേഷനോ സ്ഥാനാര്‍ഥിയോ വ്യക്തിയോ നിലവിലുള്ള പ്രാദേശിക നിയമങ്ങള്‍ അല്ലെങ്കില്‍ മേല്‍പറഞ്ഞ നിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ട് ഏതെങ്കിലും വസ്തുവകകള്‍ വികൃതമാക്കുകയാണെങ്കില്‍ അവ ഉടന്‍ തന്നെ നീക്കം ചെയ്യുന്നതിനായി വരണാധികാരിയോ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറോ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കേണ്ടതാണ്.

ഇതിനോട് ഉടനടി പ്രതികരിക്കാത്ത പക്ഷം ജില്ലാ ഭരണകൂടത്തിന് ഇവ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാം. ഇതിനായി വരുന്ന ചെലവുകള്‍ ഉത്തരവാദിയായ രാഷ്ട്രീയ പാര്‍ട്ടിയോ അസോസിയേഷനോ സ്ഥാനാര്‍ത്ഥിയോ വ്യക്തിയോ നല്‍കേണ്ടതാണ്. കൂടാതെ ചെലവായ തുക ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. നിലവിലുള്ള നിയമങ്ങള്‍ പ്രകാരം കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിക്കുകയും വേണമെന്നും മാതൃകാ പെരുമാറ്റച്ചട്ടം നിര്‍ദേശിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *