Hivision Channel

ആറളം ഫാമില്‍ നിന്ന് രണ്ട് കാട്ടാനകളെ കൂടി കാടുകയറ്റി; ദൗത്യം തുടരും

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായുള്ള വനംവകുപ്പിന്റെ ‘ഓപ്പറേഷന്‍ ഗജമുക്തി’ ദൗത്യത്തിന്റെ ഭാഗമായി ആറളം ഫാമില്‍ നിന്ന് രണ്ട് കാട്ടാനകളെ കൂടി വനത്തിലേക്ക് തുരത്തി. ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്റെയും കൊട്ടിയൂര്‍ റേഞ്ച് ഓഫീസറുടെയും നേതൃത്വത്തിലായിരുന്നു ദൗത്യം.
ബുധനാഴ്ച രാവിലെ 8.30ന് ആറളം ഫാം ബ്ലോക്ക് ഏഴിലെ വയനാടന്‍ കാടിന്റെ ഭാഗത്ത് നിന്നാണ് ഡ്രൈവ് ആരംഭിച്ചത്. ദൗത്യം തുടങ്ങി അധികം വൈകാതെ തന്നെ രണ്ട് കാട്ടാനകളെ സംഘം കണ്ടെത്തി. ഉച്ചയ്ക്ക് മുമ്പായി ഇതില്‍ ഒരു ആനയെ ഹെലിപ്പാട് ഭാഗത്തേക്ക് കടത്തിവിടാന്‍ സാധിച്ചെങ്കിലും രണ്ടാമത്തെ ആന തിരിഞ്ഞുപോയിരുന്നു. തുടര്‍ന്ന് ദൗത്യസംഘം തിരച്ചില്‍ പുനരാരംഭിക്കുകയും രണ്ട് ആനകളെയും താളിപ്പാറ വഴി കോട്ടപ്പാറ ഫെന്‍സിങ് കടത്തി ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തി.

ദൗത്യത്തില്‍ വനംവകുപ്പിലെ വിവിധ സെക്ഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും വാച്ചര്‍മാരും ആറളം ഫാം സെക്യൂരിറ്റി ജീവനക്കാരും ഉള്‍പ്പെടെ 30 അംഗങ്ങളാണ് പങ്കെടുത്തത്. കീഴ്പ്പള്ളി, മണത്തണ, തോലമ്പ്ര, ആറളം സെക്ഷനുകളിലെയും ഇരിട്ടി, നരികടവ് സ്റ്റേഷനുകളിലെയും ജീവനക്കാര്‍ ടീമിന്റെ ഭാഗമായി. പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി നാല് വനംവകുപ്പ് വാഹനങ്ങളും പ്രദേശത്ത് വിന്യസിച്ചിരുന്നു.

ജനങ്ങളുടെ സുരക്ഷയ്ക്ക് പൂര്‍ണ്ണ മുന്‍ഗണന നല്‍കിയായിരുന്നു ആനകളെ തുരത്തിയത്. മനുഷ്യ-വന്യജീവി സംഘര്‍ഷം ഒഴിവാക്കുന്നതിനായി ആറളം പഞ്ചായത്തില്‍ നിയോഗിച്ചിട്ടുള്ള ലൈസണ്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പോലീസ്, പഞ്ചായത്ത്, ടിആര്‍ഡിഎം, ആരോഗ്യവകുപ്പ് എന്നിവയെ ഏകോപിപ്പിച്ചാണ് ദൗത്യം പുരോഗമിച്ചത്. ആറളം സ്‌കൂള്‍, ടിആര്‍ഡിഎം മേഖലയിലെ താമസക്കാര്‍, വിദ്യാര്‍ഥികള്‍, ഫാം തൊഴിലാളികള്‍, യാത്രികര്‍ എന്നിവരുടെ സുരക്ഷ മുന്‍നിര്‍ത്തി ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ലൈസണ്‍ ഓഫീസര്‍മാര്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. അവശേഷിക്കുന്ന കാട്ടാനകളെ കണ്ടെത്തി തുരത്തുന്നതിനായുള്ള ദൗത്യം പുനരാരംഭിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *