
സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചോര്‍ത്തിയെന്ന ആരോപണത്തില്‍ സര്‍ക്കാരിന് ആശ്വാസം. സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ ഓഫീസ് ഡി എ സന്ദേശമയച്ചതില്‍ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സന്ദേശമയച്ചത് നല്ല ഭരണത്തിന്റെ ഭാഗമായേ കാണാനാകൂവെന്നും കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്പാര്‍ക്കില്‍ നിന്ന് ഡാറ്റ കൈമാറി എന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.
സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ സ്പാര്‍ക്കില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ചോര്‍ത്തിയതില്‍ സ്വകാര്യത ലംഘനം ചൂണ്ടികാട്ടിയുള്ള ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ അനില്‍കുമാര്‍ അടക്കമുള്ളവരാണ് അനുമതിയില്ലാതെ വിവരങ്ങള്‍ ചോര്‍ത്തിയതില്‍ ഹൈക്കോടതിയെ സമീപിച്ചത്. ജീവനക്കാരുടെ മൊബൈല്‍ ഫോണുകളിലേക്ക് ക്ഷാമബത്ത അടക്കം നല്‍കിയത് ചൂണ്ടികാട്ടി മെസേജുകള്‍ അയക്കുന്നുവെന്നും ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍, തെരഞ്ഞെടുപ്പ് സന്ദേശങ്ങള്‍ ഒന്നും അയച്ചില്ലെന്നും ജിവനക്കാര്‍ക്ക് അയച്ചത് ഭരണ നിര്‍വ്വഹണത്തിന്റെ ഭാഗമായ സന്ദേശങ്ങള്‍ മാത്രമാണെന്നുമാണ് സര്‍ക്കാറിന്റെ മറുപടി. ആരുടെയും വ്യക്തിഗത വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് കോടതിയെ അറിയിച്ചു.














