Hivision Channel

നിയമസഭാ തിരഞ്ഞെടുപ്പ്;50,000 രൂപയ്ക്ക് മുകളില്‍ കൈവശം വെച്ച് യാത്ര ചെയ്യുമ്പോള്‍ രേഖ വേണം

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനകളുടെ ഭാഗമായി, മതിയായ രേഖകളില്ലാതെ 50,000 രൂപയ്ക്ക് മുകളില്‍ കൈവശം വച്ച് യാത്ര ചെയ്താല്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ഫ്ളൈയിംഗ് സ്‌ക്വാഡ് എന്നിവര്‍ തുക പിടിച്ചെടുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറാായ ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയന്‍ അറിയിച്ചു. നിയമാനുസൃതമല്ലാത്ത രീതിയിലുള്ള മദ്യം, കൂടാതെ മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങള്‍ എന്നിവയുമായി യാത്ര ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. പണം പിടിച്ചെടുക്കുന്നത് സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ക്ക് സിവില്‍ സ്റ്റേഷന്‍ അനക്സിലെ അപ്പീല്‍ കമ്മിറ്റി മുമ്പാകെ അപ്പീല്‍ ഫയല്‍ ചെയ്യാം. തിരഞ്ഞെടുപ്പ് ചിലവ് നോഡല്‍ ഓഫീസറായ ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണര്‍ (ഇന്റലിജന്‍സ്) സി.എം സുനില്‍കുമാര്‍ കണ്‍വീനറായും സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ ശിവപ്രകാശന്‍ നായര്‍, ജില്ലാ ട്രഷറി ഓഫീസര്‍ ഷാജി യു എസ് എന്നിവര്‍ അംഗങ്ങളായുമുള്ള കമ്മിറ്റിയാണ് അപ്പീലുകള്‍ പരിശോധിക്കുക.

ഓഡിറ്റോറിയം/കമ്മ്യൂണിറ്റി ഹാളുകള്‍: പാലിക്കേണ്ട വ്യവസ്ഥകള്‍

തിരഞ്ഞെടുപ്പ് കാലയളവില്‍ വിവാഹ ഹാളുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ തുടങ്ങിയ സ്ഥലങ്ങളുടെ ഉപയോഗം ജില്ലാ തിരഞ്ഞെടുപ്പ് സംവിധാനം കൃത്യമായി നിരീക്ഷിക്കുന്നതാണ്.

തെളിവ് ശേഖരിക്കല്‍: തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ചെലവ് മറച്ചുവെക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍, ഹാള്‍ ബുക്ക് ചെയ്തതിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്ന തെളിവുകള്‍ (വിവാഹ ക്ഷണക്കത്ത് പോലുള്ളവ) സൂക്ഷിക്കേണ്ടതുണ്ട്.

ദൈനംദിന റിപ്പോര്‍ട്ടുകള്‍: ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇത്തരം ബുക്കിംഗുകളുടെ ദൈനംദിന റിപ്പോര്‍ട്ടുകള്‍ ശേഖരിക്കുകയും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വ്യാജ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.

സംശയാസ്പദമായ ബുക്കിംഗുകള്‍: സംശയാസ്പദമായ ബുക്കിംഗുകളെക്കുറിച്ചോ സംഭവങ്ങളെക്കുറിച്ചോ ഉള്ള റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ടവര്‍ അതാത് വരണാധികാരികള്‍ക്ക് കൈമാറേണ്ടതാണ്.

അന്നദാനം എന്ന വ്യാജേനയുള്ള വിരുന്ന്: ആരാധനാലയങ്ങള്‍ക്ക് പുറത്ത് ‘അന്നദാനം’ എന്ന പേരില്‍ വലിയ തോതില്‍ ഭക്ഷണം വിളമ്പുന്നത്, തിരഞ്ഞെടുപ്പ് വേളയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയാണോയെന്നത് പരിശോധിക്കും.

നിയമവിരുദ്ധ നടപടി: ഇത്തരം പ്രവൃത്തികള്‍ 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 123 പ്രകാരവും ഐ.പി.സി ചാപ്റ്റര്‍ പ്രകാരവും അഴിമതിയായും തിരഞ്ഞെടുപ്പ് കുറ്റകൃത്യമായും കണക്കാക്കപ്പെടുന്നു.

തടയാനുള്ള നടപടികള്‍: വലിയ തോതില്‍ ഭക്ഷണം വിളമ്പുന്നത് സംബന്ധിച്ച് എന്തെങ്കിലും സംശയം തോന്നിയാല്‍, ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെയും വരണാധികാരിയെയും അറിയിക്കേണ്ടതാണ്.

ലഘുലേഖകളുടെയും പോസ്റ്ററുകളുടെയും അച്ചടിക്കും പ്രസിദ്ധീകരണത്തിനും നിയന്ത്രണങ്ങള്‍

1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 127എ പ്രകാരം തിരഞ്ഞെടുപ്പ് ലഘുലേഖകളുടെയും പോസ്റ്ററുകളുടെയും അച്ചടിക്കും പ്രസിദ്ധീകരണത്തിനും നിയമപരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ തെരഞ്ഞെടുപ്പ് ലഘുലേഖയുടെയോ പോസ്റ്ററിന്റെയോ മുഖഭാഗത്ത് അച്ചടിക്കുന്നയാളുടെയും പ്രസിദ്ധീകരിക്കുന്നയാളുടെയും (Publisher)  പേരും മേല്‍വിലാസവും ഉണ്ടായിരിക്കണം.

പ്രസിദ്ധീകരിക്കുന്നയാളുടെ ഐഡന്റിറ്റി വ്യക്തമാക്കുന്നതും, ഒപ്പിട്ടതും, സാക്ഷ്യപ്പെടുത്തിയതുമായ ഡിക്ലറേഷന്‍ രണ്ട് കോപ്പികളായി അച്ചടിക്കുന്നയാള്‍ക്ക് നല്‍കുന്നതുവരെ അത്തരം വസ്തുക്കള്‍ അച്ചടിക്കാന്‍ പാടില്ല.

അച്ചടി കഴിഞ്ഞാലുടന്‍, പ്രസ്തുത ഡിക്ലറേഷന്റെ ഒരു പകര്‍പ്പും അച്ചടിച്ച വസ്തുവിന്റെ ഒരു പകര്‍പ്പും അച്ചടിക്കുന്നയാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കോ അല്ലെങ്കില്‍ ജില്ലാ മജിസ്‌ട്രേറ്റിനോ നിശ്ചിത സമയത്തിനുള്ളില്‍ അയച്ചു കൊടുക്കേണ്ടതാണ്.

ഈ നിയമങ്ങള്‍ ലംഘിക്കുന്ന വ്യക്തിക്ക് ആറുമാസം വരെയുള്ള തടവോ, രണ്ടായിരം രൂപ വരെയുള്ള പിഴയോ അല്ലെങ്കില്‍ ഇവ രണ്ടുമോ ശിക്ഷയായി ലഭിക്കാവുന്നതാണ്.

പ്രിന്റിംഗ് പ്രസുകള്‍ക്കുള്ള പ്രത്യേക നിര്‍ദ്ദേശങ്ങള്‍

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം എല്ലാ പ്രിന്റിംഗ് പ്രസുകളും താഴെ പറയുന്നവ പാലിക്കേണ്ടതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ അറിയിച്ചു.
പേരും മേല്‍വിലാസവും: അച്ചടിക്കുന്ന ഓരോ തിരഞ്ഞെടുപ്പ് ലഘുലേഖയിലോ പോസ്റ്ററിലോ പ്രിന്ററുടെയും പബ്ലിഷറുടെയും പേരും വിലാസവും വ്യക്തമായും കൃത്യമായും രേഖപ്പെടുത്തണം.
രേഖകള്‍ സമര്‍പ്പിക്കല്‍: അച്ചടി കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളില്‍, അച്ചടിച്ച വസ്തുക്കളുടെ പകര്‍പ്പുകള്‍, അവയുടെ മൂന്ന് അധിക പകര്‍പ്പുകള്‍, പബ്ലിഷറില്‍ നിന്ന് ലഭിച്ച ഡിക്ലറേഷന്‍ എന്നിവ ബന്ധപ്പെട്ട അധികാരിക്ക് സമര്‍പ്പിക്കണം.
ഈ നിയമങ്ങള്‍ ലംഘിക്കുന്നത് ഗൗരവമായി കാണുന്നതാണ്. നിയമനടപടികള്‍ക്ക് പുറമെ, ഉചിതമായ സന്ദര്‍ഭങ്ങളില്‍ പ്രിന്റിംഗ് പ്രസിന്റെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *