
നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയില്‍. വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഒളിവില്‍ പോയ സജിക്കായി പൊലീസ് നാല് അംഗങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയായിരുന്നു. പൊലീസ് നായയും ഡ്രോണും ഉപയോഗിച്ചാണ് ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി ഇയാള്‍ വീടിന് സമീപത്തെ പറമ്പില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് സജി പൊലീസിനോട് പറഞ്ഞു. വീടിന് സമീപത്തെ വലിയ പാറ ഇടുക്കിലായിരുന്നു ഒളിച്ചിരുന്നത്. പിന്നീട് ഡ്രോണ്‍ ഉള്‍പ്പടെ തിരച്ചിലിനായി പറത്തിയപ്പോള്‍ അവിടെ നിന്ന് രക്ഷപ്പെടാനായി മറ്റൊരിടത്തേക്ക് പോകുംവഴിയാണ് ഇയാളെ പൊലീസ് അതിസാഹസികമായി പിടികൂടുന്നത്.അവശനായ നിലയിലാണ് ഇയാളെ പൊലീസ് കണ്ടെത്തിയത്. ഇയാളെ മെഡിക്കല്‍ പരിശോധനകള്‍ക്കായി എത്തിച്ചു.
അതേസമയം, നെടുങ്കണ്ടത്ത് വീട്ടുവളപ്പില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ മേരിക്കുട്ടിയുടെയും മകന്‍ റെജിയുടെയും തന്നെയെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ഡി എന്‍ എ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ കണ്ടെത്തുമ്പോള്‍ ഉണ്ടായിരുന്ന വസ്ത്രങ്ങളാണ് കൊല്ലപ്പെട്ടത് മേരിക്കുട്ടിയും റെജിയും ആണെന്ന് തിരിച്ചറിയാന്‍ ബന്ധുക്കളെ സഹായിച്ചത്. പോസ്റ്റ്മോര്‍ട്ടം പരിശോധന പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി. മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യുവിനെ 2018ല്‍ കാണാതായ സംഭവത്തില്‍ പൊലീസ് തുടരന്വേഷണത്തിന് ഒരുങ്ങുകയാണ്.














