Hivision Channel

പൊലീസില്‍ വന്‍ അഴിച്ച് പണി;പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി ഡിജിപി

സംസ്ഥാന പൊലീസ് സേനയുടെ പ്രവര്‍ത്തനത്തില്‍ വന്‍ അഴിച്ചുപണിയുമായി പുതിയ സര്‍ക്കാര്‍. സ്റ്റേഷനുകളുടെ എസ്. എച്ച്. ഒ സംവിധാനം ഉടച്ച് വാര്‍ത്ത് സ്റ്റേഷന്‍ ഭരണം എസ്‌ഐമാര്‍ക്ക് നല്‍കും. പകരം പഴയ സര്‍ക്കിള്‍ സംവിധാനം കൊണ്ടുവരാനാണ് തീരുമാനം. പ്രതിവര്‍ഷം 3000 എഫ്‌ഐആര്‍ ഉള്ള സ്റ്റേഷനില്‍മാത്രം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെടര്‍ ആയി തുടരും. എന്നാല്‍ ബി, സി ക്ലാസ് സ്റ്റേഷനുകളില്‍ എസ്എച്ച്ഒ സംവിധാനം മാറി സ്റ്റേഷന്‍ ഭരണം എസ്‌ഐമാര്‍ക്ക് നല്‍കാനാണ് തീരുമാനം. ഇത് സംബന്ധിച്ച പദ്ധതി റിപ്പോര്‍ട്ട് സംസ്ഥാന ഡിജിപി റാവാഡ ചന്ദ്രശേഖര്‍ തയ്യാറാക്കി. ഡിജിപി ഇന്ന് നിയുക്ത ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

പുതിയ പരിഷ്‌കാരത്തോടെ പ്രധാന സ്റ്റേഷനുകള്‍ ഒഴികെ രണ്ട് സ്റ്റേഷനുകള്‍ക്ക് ഒരു ഇന്‍സ്‌പെക്ടര്‍ എന്ന നിലയില്‍ മാറും. ഇതോടെ ആയിരത്തില്‍ താഴെ എഫ്‌ഐആര്‍ വരുന്ന സ്റ്റേഷനുകളില്‍ എസ്‌ഐമാരാകും ഭരണം. ബാക്കിവരുന്ന സിഐമാരെ സൈബര്‍, പോക്സോ ഡിവിഷനുകളില്‍ നിയമിക്കും. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ ആഭ്യന്തരവകുപ്പിന്റെ പ്രധാന പരിഷ്‌ക്കരണങ്ങളില്‍ ഒന്നാകുമിത്. സ്റ്റേഷന്‍ എസ്എച്ച്ഒമാരെ ഇന്‍സ്‌പെക്ടര്‍മാരായി നിയമിച്ചത് പിണറായി സര്‍ക്കാരിന്റെ കാലത്താണ്. 480 സ്റ്റേഷനുകളിലാണ് എസ്എച്ച്ഒ സംവിധാനം കൊണ്ടുവന്നത്. അതേസമയം ലഹരി വിരുദ്ധ പ്രചരണത്തിന് പുതിയ പദ്ധതി നടപ്പാക്കാനും ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശങ്ങളുണ്ട്. 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്താന്‍ 20 കര്‍മ്മ പദ്ധതികള്‍ ആണ് ആലോചിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *