
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കടലുണ്ടി സ്വദേശി അബ്ദുള്‍ റഹീമിന്റെ ശിക്ഷാ കാലാവധി ചൊവാഴ്ച പൂര്‍ത്തിയാവും. വ്യാഴാഴ്ച മുതല്‍ സൗദിയില്‍ അവധിയായതിതാല്‍ അതിനുശേഷമേ നാട്ടില്‍ തിരിച്ച് എത്തുകയുള്ളുവെന്ന് അബ്ദുള്‍ റഹീം നിയമ സഹായ സമിതി അറിയിച്ചു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ റഹീം എത്തുന്നതിന്റെ സന്തോഷത്തിലാണ് കുടുംബം.
അഭിമാനകരമായ ജന പങ്കാളിത്തത്തോടെ നടത്തിയ വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടമാണ് ഒടുവില്‍ ഫലപ്രാപ്തിയിലേക്ക് എത്തുന്നത്. സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീം ഒടുവില്‍ ജന്മനാട്ടിലേക്ക് എത്തുകയാണ്. 20 വര്‍ഷത്തിന് ശേഷമാണ് റഹീമിന്റെ മോചനം. മലയാളികള്‍ ഒരുമിച്ചാണ് സൗദി ബാലന്റെ കുടുംബത്തിന് 34 കോടി രൂപ ദിയാധനം നല്‍കിയത്. ദിയാധനം നല്‍കി വധശിക്ഷ ഒഴിവാക്കിയെങ്കിലും മറ്റ് വകുപ്പുകളില്‍ 20 വര്‍ഷം തടവ് ശിക്ഷയായിരുന്നു വിധി. ശിക്ഷാ കാലാവധി ഈ മാസം 19ാം തീയതി അവസാനിക്കും. സൗദിയിലെ പെരുന്നാള്‍ അവധി കൂടി കഴിഞ്ഞായിരിക്കും അബ്ദുറഹീം നാട്ടിലെത്തുക.
റഹീമിന്റെ തിരിച്ചുവരവ് ആഘോഷിക്കാന്‍ ഇല്ലെന്നും, സൗദി അറേബ്യ എന്ന രാജ്യത്തെ ഇകഴ്ത്താന്‍ പാടില്ലെന്നും റഹീം നിയമസഹായ സമിതി ഓര്‍മ്മപ്പെടുത്തി. സൗദി അറേബ്യയുടെ നിയമ വ്യവസ്ഥയെ ഇകഴ്ത്തുന്നത് കേസില്‍ തിരിച്ചടി ഉണ്ടാക്കും. സമൂഹമാധ്യമം ഉപയോഗിക്കുമ്പോള്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം. റഹീമിന്റെ മോചനത്തിന് വേണ്ടി പിരിച്ചതില്‍ പതിനൊന്നര കോടി രൂപ ബാക്കിയുണ്ട്. റഹീം തിരിച്ചുവന്നതിനു ശേഷം പണം എന്തു ചെയ്യണമെന്ന് തീരുമാനിക്കുമെന്നും അബ്ദുല്‍ റഹീം നിയമ സഹായ സമിതി അറിയിച്ചു.














