Hivision Channel

പേരാവൂര്‍ താലൂക്ക് ആശുപത്രി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൂബിലി ചാക്കോ ആരോഗ്യവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി

കൊട്ടിയൂര്‍:ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഒരു സര്‍ക്കാരിന്റെ അടിസ്ഥാന ഉത്തരവാദിത്തങ്ങളിലൊന്നാണല്ലോ , പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലും മലനിരകളോട് ചേര്‍ന്ന പ്രദേശങ്ങളിലും താമസിക്കുന്ന സാധാരണക്കാരും ആദിവാസി ജനവിഭാഗങ്ങളും മികച്ച ആരോഗ്യ സേവനം ലഭിക്കാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍, പൊതുജനാരോഗ്യ സംവിധാനങ്ങളുടെ ശക്തീകരണം അനിവാര്യമായി മാറുകയാണ്. ഈ സാഹചര്യത്തിലാണ് പേരാവൂര്‍ താലൂക്ക് ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടതിന്റെ പ്രാധാന്യം ഉയര്‍ന്നുവരുന്നത്.
പേരാവൂര്‍ മേഖലയിലെ ആയിരക്കണക്കിന് ആളുകള്‍ സര്‍ക്കാര്‍ ആശുപത്രി സേവനങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്കും, ആറളം ഫാം പുനരധിവാസ മേഖലകളില്‍ താമസിക്കുന്ന ആദിവാസി സമൂഹങ്ങള്‍ക്കും സ്വകാര്യ ആശുപത്രികളിലെ ചെലവേറിയ ചികിത്സ ലഭ്യമാക്കുന്നത് ഏറെ പ്രയാസകരമാണ്. അതുകൊണ്ടുതന്നെ, എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഒരു താലൂക്ക് ആശുപത്രി ഇവിടുത്തെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമാണ്.
2019 ല്‍ അന്നത്തെ ആരോഗ്യ മന്ത്രിയായിരുന്ന കെ കെ ശൈലജ ടീച്ചര്‍ തറക്കല്ലിട്ട് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ആക്കി രണ്ടുവര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കും എന്ന് വാഗ്ദാനം ചെയ്ത പേരാവൂര്‍ താലൂക്ക് ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തി ഇപ്പോഴും മന്ദഗതിയിലാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത് . ഇത് രോഗികള്‍ക്ക് വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. അടിയന്തര ചികിത്സ ആവശ്യമായ സാഹചര്യങ്ങളില്‍ ദൂരെയുള്ള ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നത് പലപ്പോഴും ജീവന്‍ പോലും അപകടത്തിലാക്കുന്നു. ഗര്‍ഭിണികള്‍, വയോധികര്‍, കുട്ടികള്‍, അപകടത്തില്‍പ്പെടുന്നവര്‍ തുടങ്ങി നിരവധി വിഭാഗങ്ങള്‍ സമയബന്ധിത ചികിത്സ ലഭിക്കാതെ ദുരിതമനുഭവിക്കുകയാണ്.
പേരാവൂര്‍ പോലുള്ള മലയോര മേഖലയിലെ ആരോഗ്യ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നത് ഒരു വികസനപ്രവര്‍ത്തനം മാത്രമല്ല, സാമൂഹ്യനീതിയുടെ ഭാഗവുമാണ്. ആദിവാസി സമൂഹങ്ങള്‍ ഉള്‍പ്പെടെയുള്ള പിന്നാക്കവിഭാഗങ്ങള്‍ക്കും ഗുണമേന്‍മയുള്ള ചികിത്സാ സൗകര്യം ലഭിക്കേണ്ടതായിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍ ശക്തിപ്പെട്ടാല്‍ സാധാരണ ജനങ്ങള്‍ക്ക് സാമ്പത്തിക ഭാരം കുറയുകയും ആരോഗ്യരംഗത്ത് കൂടുതല്‍ വിശ്വാസം വളരുകയും ചെയ്യും.
അതുകൊണ്ട് തന്നെ പേരാവൂര്‍ താലൂക്ക് ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച് ആവശ്യമായ ഡോക്ടര്‍മാരും ജീവനക്കാരും ആധുനിക ചികിത്സാ സംവിധാനങ്ങളും ഉടന്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് പേരാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ്
ജൂബിലി ചാക്കോ നിവേദനം നല്‍കിയത്.

Leave a Comment

Your email address will not be published. Required fields are marked *