Hivision Channel

രാജ്യത്ത് പെട്രോള്‍ പമ്പുകളില്‍ പുതിയ നിയന്ത്രണം

സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ഇന്ധനം മുടങ്ങാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സുപ്രധാന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വ്യവസായ- വാണിജ്യ- സ്ഥാപന ആവശ്യങ്ങള്‍ക്കായി റീട്ടെയില്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് പെട്രോളും ഡീസലും വാങ്ങുന്നത് സര്‍ക്കാര്‍ വിലക്കി. പകരം ഇവര്‍ക്ക് ഇന്ധനം വാങ്ങാന്‍ പ്രത്യേക ബള്‍ക്ക് സപ്ലൈ സംവിധാനങ്ങള്‍ ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു

നിയന്ത്രണം 90 ദിവസത്തേക്ക്
പൊതുജനങ്ങള്‍ക്കുള്ള ഇന്ധനവിതരണം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയന്ത്രണം. തുടക്കത്തില്‍ 90 ദിവസത്തേക്കാണ് വിലക്കെങ്കിലും ആവശ്യമെങ്കില്‍ ഇത് നീട്ടിയേക്കാം. റീട്ടെയില്‍ പമ്പുകളിലെ കുറഞ്ഞ വിലയുടെ ആനുകൂല്യം മുതലെടുത്ത് വന്‍കിട ഉപഭോക്താക്കള്‍ പമ്പുകളില്‍ നിന്ന് വന്‍തോതില്‍ ഇന്ധനം വാങ്ങുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ ഇടപെടല്‍.

ആരെയാണ് ഇത് ബാധിക്കുക?
പുതിയ ഉത്തരവ് പ്രകാരം വ്യാവസായിക യൂണിറ്റുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, മറ്റ് വലിയ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇനി ഇന്ധനം വാങ്ങാന്‍ കഴിയില്ല. പകരം അംഗീകൃത ബള്‍ക്ക് സപ്ലൈ സംവിധാനങ്ങള്‍ വഴിയോ സ്വന്തം കണ്‍സ്യൂമര്‍ പമ്പുകള്‍ വഴിയോ ഇവര്‍ ഇന്ധനം കണ്ടെത്തണം. റീട്ടെയില്‍, ബള്‍ക്ക് വിലകള്‍ തമ്മിലുള്ള വലിയ വ്യത്യാസം കാരണം വന്‍കിടക്കാര്‍ പമ്പുകളെ ആശ്രയിക്കുന്നത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെട്രോളിന്റെയും ഡീസലിന്റെയും വില്പനയില്‍ അസാധാരണമായ വര്‍ധനവിന് കാരണമായതായി സര്‍ക്കാര്‍ വിലയിരുത്തുന്നു. ഉദാഹരണത്തിന്, ഡല്‍ഹിയില്‍ റീട്ടെയില്‍ പമ്പുകളില്‍ ലിറ്ററിന് 95.20 രൂപയ്ക്കാണ് ഡീസല്‍ വില്‍ക്കുന്നത്. എന്നാല്‍ ബള്‍ക്ക് വില്‍പന വില ലിറ്ററിന് 134.50 രൂപയോളമാണ്. ഇതാണ് വന്‍കിടക്കാരെ പമ്പുകളിലേക്ക് ആകര്‍ഷിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *