Hivision Channel

പ്രിയദര്‍ശിനി സര്‍വീസുകളുള്ള സ്ഥലങ്ങളിലെ സ്വകാര്യ ബസുകളുടെ പ്രതിസന്ധി പഠിക്കാന്‍ കമ്മിറ്റി രൂപീകരിക്കും; മന്ത്രി സി പി ജോണ്‍

പ്രിയദര്‍ശിനി സര്‍വീസുകളുള്ള സ്ഥലങ്ങളിലെ സ്വകാര്യ ബസ്സുകളുടെ പ്രതിസന്ധി പഠിക്കാന്‍ കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍. ടിക്കറ്റ് ഇതര വരുമാനത്തിലൂടെ സ്വകാര്യ ബസുകളെ സംരക്ഷിക്കുമെന്ന് ഗതാഗത മന്ത്രി സിപി ജോണ്‍ പറഞ്ഞു.പരസ്യ വരുമാനം സ്വകാര്യ ബസുകള്‍ക്കും നല്‍കും. പെട്രോള്‍ വില വര്‍ധന കണക്കിലെടുത്ത് നിലവിലുള്ള ബസുകളെ സിഎന്‍ജിയിലേക്ക് മാറ്റാന്‍ ആലോചനയുണ്ടെന്നും സി പി ജോണ്‍ വ്യക്തമാക്കി. ഇതിനായി എന്‍ജിനീയറിങ് കോളജിലെ മെക്കാനിക്കല്‍ വിഭാഗം കെഎസ്ആര്‍ടിസിയുമായി ചര്‍ച്ചകള്‍ നടത്തി. ഇന്ധനം ലാഭിച്ച് മികച്ച രീതിയിലുള്ള ഡ്രൈവിങ്ങിന് ഡ്രൈവര്‍മാരെ പരിശീലിപ്പിച്ചും പ്രതിസന്ധികള്‍ മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഗതാഗത വകുപ്പ്.

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്ന പ്രിയദര്‍ശിനി സര്‍വീസുകള്‍ ആരംഭിച്ചതിന് പിന്നാലെ സ്വകാര്യ ബസ് മേഖല പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. പലയിടങ്ങളിലും ബസുകള്‍ സര്‍വീസ് നിര്‍ത്തി. ഈ സാഹചര്യത്തിലാണ് പ്രതിസന്ധി പഠിക്കാന്‍ സര്‍ക്കാര്‍ കമ്മിറ്റിയെ രൂപീകരിക്കാന്‍ ഒരുങ്ങുന്നത്.

സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാനായി നികുതി ഇനത്തില്‍ 50% കുറച്ചെങ്കില്‍ പോലും വരുമാന നഷ്ടത്തിലാണ് ബസുകള്‍ ഓടുന്നത്. ഈ സാഹചര്യത്തിലാണ് നികുതി ഇതര വരുമാനത്തിലൂടെ മേഖലയെ സംരക്ഷിക്കാന്‍ ഒരുങ്ങുന്നത്.

Leave a Comment

Your email address will not be published. Required fields are marked *